വെള്ളിയാഴ്ച പുലർച്ചെ ജയ്സാൽമേറിൽനിന്ന് എട്ടുകിലോമീറ്റർ അകലെയായിരുന്നു അപകടം. മേജർ ഹംസ ആരിഫ് തന്നെയാണ് സ്വന്തം വാഹനമോടിച്ചിരുന്നത്. യാത്രയ്ക്കിടെ റോഡരികിലുണ്ടായിരുന്ന ഒട്ടകത്തെ ഇടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് റിപ്പോർട്ട്.

ജയ്സാൽമേർ: വാഹനാപകടത്തിൽ സൈനിക ഉദ്യോ​ഗസ്ഥൻ മരിച്ചു. ജയ്സാൽമേർ സൈനിക താവളത്തിലെ മേജർ ഹംസ ആരിഫാണ് മരിച്ചത്. മധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയാണ്. വ്യാഴാഴ്ച രാത്രി ഹംസ ആരിഫും സഹപ്രവർത്തകരും സഞ്ചരിച്ച കാർ ഒട്ടകത്തെ ഇടിച്ച് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന ലെഫ്. ആയുഷ്മാൻ ​ഗുസൈൻ, ലെഫ്. അഭിനവ് റാത്തോഡ് എന്നിവർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.

വെള്ളിയാഴ്ച പുലർച്ചെ ജയ്സാൽമേറിൽനിന്ന് എട്ടുകിലോമീറ്റർ അകലെയായിരുന്നു അപകടം. മേജർ ഹംസ ആരിഫ് തന്നെയാണ് സ്വന്തം വാഹനമോടിച്ചിരുന്നത്. യാത്രയ്ക്കിടെ റോഡരികിലുണ്ടായിരുന്ന ഒട്ടകത്തെ ഇടിച്ചതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നാണ് റിപ്പോർട്ട്. പിന്നാലെ വാഹനം പലതവണ കരണംമറിയുകയായിരുന്നു. ​ പരിക്കേറ്റ മൂവരെയും പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹംസ ആരിഫ് ആശുപത്രിയിലെത്തും മുൻപേ മരിച്ചിരുന്നു.

മധ്യപ്രദേശിലെ ഇൻഡോർ ധനന്ത്വരിന​ഗർ സ്വദേശിയാണ് മേജർ ഹംസ ആരിഫ്. 2016-ൽ ചമേലി ദേവി കോളേജിൽനിന്ന് ഇലക്ട്രിക് എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയ ഹംസ ആരിഫ്, 2017-ലാണ് സൈന്യത്തിൽ ജോലിയിൽപ്രവേശിച്ചത്. ഒരുമാസം മുൻപായിരുന്നു വിവാഹം.

ഏഴുവർഷത്തെ പ്രണയത്തിനൊടുവിലാണ് മേജർ ഹംസ ആരിഫും കാമുകിയും വിവാഹിതരായതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഇരുവരും വ്യത്യസ്ത മതവിഭാ​ഗത്തിലുള്ളവരായതിനാൽ വീട്ടുകാരിൽനിന്ന് എതിർപ്പുകളുണ്ടായിരുന്നു. തുടർന്ന് കഴിഞ്ഞമാസമാണ് ഇരുവരും വിവാഹിതരായത്. ഡിസംബറിൽ അവധിക്ക് നാട്ടിൽ വരുമ്പോൾ വലിയരീതിയിൽ വിവാഹാഘോഷവും സത്കാരവും നടത്താനായിരുന്നു ഹംസ ആരിഫും ഭാര്യയും തീരുമാനിച്ചിരുന്നതും സുഹൃത്തുക്കൾ പറഞ്ഞു.