സ്ത്രീകളോട് ബഹുമാനമില്ല; ബിജെപി വിട്ട് നൂറിലധികം വനിതാ പ്രവർത്തകർ എഐഎഡിഎംകെയിലേക്ക്

By Web TeamFirst Published Mar 23, 2023, 9:51 PM IST
Highlights

പ്രശ്നങ്ങൾ സംബന്ധിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈക്ക് പരാതി നൽകിയിരുന്നതായാണ് ​ഗം​ഗാദേവി പറയുന്നത്. അണ്ണാമലൈയുടെ നേതൃത്വത്തിൽ അസന്തുഷ്ടി പ്രകടിപ്പിച്ചാണ് പ്രവർത്തകർ ബിജെപി വിട്ട് എഐഎഡിഎംകെയിലെത്തിയത്

ചെന്നൈ: തമിഴ്നാട്ടിൽ നൂറിലധികം വനിതാ പ്രവർത്തകർ ബിജെപി വിട്ട് എഐഎഡിഎംകെയിലെത്തി. ബിജെപിയിൽ സ്ത്രീകൾക്ക് ബഹുമാനം ലഭിക്കുന്നില്ലെന്ന് പറ‍ഞ്ഞാണ് ഇവർ പാർട്ടി വിട്ടത്. ദിവസങ്ങൾക്ക് മുമ്പ് 13 നേതാക്കൾ ബിജെപി വിട്ട് എഐഎഡിഎംകെയിൽ എത്തിയിരുന്നു. തമിഴ്നാട്ടിൽ ഇരുപാർട്ടികളും സഖ്യത്തിലാണ്. 

ചെങ്കൽപേട്ട് ജില്ലാ ബിജെപി വൈസ് പ്രസിഡന്റ് ​ഗം​ഗാദേവി ശങ്കറിന്റെ നേതൃത്വത്തിലാണ് നൂറിലധികം വനിതകൾ പാർട്ടി വിട്ടത്. മുൻ മന്ത്രി ചിന്നയ്യയുടെയും പാർട്ടി ജില്ലാ സെക്രട്ടറി ചിത്ലമ്പാക്കം സി രാജേന്ദ്രന്റെയും സാന്നിധ്യത്തിലാണ് ഇവർ എഐഎഡിഎംകെ അം​ഗത്വം നേടിയത്. ബിജെപി നേതൃത്വത്തിൽ ഞങ്ങൾ അസംതൃപ്തരാണ്. അവിടെ പ്രവർത്തിക്കുന്ന വനിതകൾക്ക് ബഹുമാനം ലഭിക്കുന്നില്ല. അർഹമായ പരി​ഗണന ഒരു ഘട്ടത്തിലും അവിടെ ലഭിക്കുന്നില്ല. അതിനാലാണ് ഞങ്ങൾ പാർട്ടി വിട്ടത്. ‍ഞങ്ങളുടെ പരാതികൾ പരി​ഗണിക്കപ്പെട്ടിരുന്നെങ്കിൽ പാർട്ടി വിടില്ലായിരുന്നു. ​ഗം​ഗാദേവി മാധ്യമങ്ങളോട് പറഞ്ഞു.

പ്രശ്നങ്ങൾ സംബന്ധിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈക്ക് പരാതി നൽകിയിരുന്നതായാണ് ​ഗം​ഗാദേവി പറയുന്നത്. അണ്ണാമലൈയുടെ നേതൃത്വത്തിൽ അസന്തുഷ്ടരായവരാണ് കഴിഞ്ഞ ദിവസങ്ങളിലും ബിജെപി വിട്ട് എഐഎഡിഎംകെയിലെത്തിയത്. പാർട്ടി സംസ്ഥാന ഐടി വിഭാ​ഗം തലവൻ സിടിആർ നിർമൽ കുമാർ, ഐടി വിഭാ​ഗം സെക്രട്ടറി ദിലീപ് കണ്ണൻ, ഒബിസി വിഭാ​ഗം സെക്രട്ടറി ജ്യോതി തുടങ്ങിയവരെല്ലാം ഇതിലുൾപ്പെടുന്നു.  രാഷ്ട്രീയത്തിൽ ഇതെല്ലാം സാധാരണമാണെന്നും പാർട്ടിയെ ഈ കൊഴിഞ്ഞുപോക്ക് ഒരുതരത്തിലും ബാധിക്കില്ലെന്നും തമിഴ്നാട് ബിജെപി വൈസ്പ്രസിഡന്റ് നാരായണൻ തിരുപ്പതി പ്രതികരിച്ചു. 

Read Also: വിവാഹേതര ബന്ധങ്ങൾ, വീഡിയോ കോളുകൾ, അശ്ലീല ദൃശ്യങ്ങൾ കാട്ടി ഭീഷണി; അമൃത്പാൽ സിങ്ങിന്റെ ജീവിതം ഇങ്ങനെയുമാണ്

click me!