
മുഗലകോട്: പല രീതിയിലുള്ള ആഗ്രഹങ്ങൾ നടന്നുകിട്ടാൻ വിശ്വാസികൾ ആരാധനാലയങ്ങളിൽ പ്രാർത്ഥിക്കാറുണ്ട്. കാണിക്ക വഞ്ചിയിൽ നിന്ന് ലഭിച്ച ഇത്തരത്തിലുള്ള ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു.കർണാടകയിലെ മുഗലകോട് ടൌണിന് സമീപത്തെ ഖനദാലയിലെ ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയിലാണ് അമ്മായിഅമ്മയുടെ ശല്യം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്ന മരുമകളുടെ പ്രാർത്ഥന കുറിപ്പ് ലഭിച്ചത്. ഖനദാലയിലെ ഹുലികാന്തേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് ശേഷം കാണിക്ക വഞ്ചി തുറന്നപ്പോളാണ് വിചിത്രമായ പ്രാർത്ഥനാ കുറിപ്പ് ലഭിച്ചത്. ഫെബ്രുവരി 13 മുതൽ 17 വരെയായിരുന്നു ഹുലികാന്തേശ്വര ക്ഷേത്രത്തിലെ ഉത്സവം നടന്നത്.
അടുത്ത വർഷത്തെ ഉത്സവത്തിന് മുൻപ് എൻ്റെ കഷ്ടപ്പാടുകൾ തീർത്ത് അമ്മായിയമ്മയെ തിരിച്ച് വിളിക്കണേ എന്നാണ് കാണിക്ക വഞ്ചിയിലെ പ്രാർത്ഥനാ കുറിപ്പിൽ ആവശ്യമുള്ളത്. വെള്ളക്കടലാസിൽ എഴുതിയ പ്രാർത്ഥനയ്ക്കൊപ്പം നൂറ് രൂപയും കണ്ടെത്തിയിട്ടുണ്ട്. നൂറ് രൂപ നോട്ടിനൊപ്പം ചുരുട്ടിയാണ് പ്രാർത്ഥന കാണിക്ക വഞ്ചിയിൽ ഇട്ടിട്ടുള്ളത്. വിചിത്രമായ ആവശ്യവുമായുള്ള കുറിപ്പ് വൈറലായതോടെ നാട്ടുകാരും അമ്പരന്നിട്ടുണ്ട്. ഇങ്ങനെയൊരു ആവശ്യം ഉന്നയിച്ചത് ആരാണെന്നറിയാതെ അമ്പരന്നിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും.
അമ്മായിയമ്മയുടെ പീഡനം സഹിക്കാതെ മരുമകളാണോ അതോ മരുമകനാണോ ഇങ്ങനെയൊരു കടുംകൈ ചെയ്തതെന്ന് വ്യക്തമല്ല. വർഷങ്ങളായി ഇവിടെ ഉത്സവം നടക്കുന്നുണ്ട്, പക്ഷെ ഇങ്ങനെയൊരു സംഭവം ആദ്യമായാണ്. ക്ഷേത്രത്തിലെ രണ്ട് കാണിക്കവഞ്ചികളിൽ നിന്നായി ഇതേപോലത്തെ രണ്ട് കുറിപ്പുകൾ കിട്ടിയിട്ടുണ്ട്. ഇത് നാട്ടുകാരിൽ ചെറിയ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്നാണ് ക്ഷേത്ര കമ്മിറ്റി അംഗം ശങ്കർ സുതാർ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. പണ്ടൊക്കെ വീട്ടിലുള്ളവർ എല്ലാവരും ഒരുമിച്ച് സന്തോഷത്തോടെ നൂറുവർഷം ജീവിക്കണമെന്നൊക്കെയാണ് ആളുകൾ പ്രാർത്ഥിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് അമ്മായിയമ്മ മരിക്കണമെന്ന് പ്രാർത്ഥിക്കുന്ന വിചിത്രമായ അവസ്ഥയാണ്. മുതിർന്നവരോട് ഭയമോ ഭക്തിയോ ഇല്ലാത്തവരാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് കുറിപ്പിന് സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam