ചണ്ഡിഗ‍ഡിനെ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കാൻ നീക്കം, നിര്‍ണായക ബിൽ അവതരിപ്പിച്ചേക്കും, അന്തിമ തീരുമാനമായിട്ടില്ലെന്ന് കേന്ദ്രം

Published : Nov 23, 2025, 01:39 PM IST
central government cabinet

Synopsis

ചണ്ഡിഗഡിനെ പൂർണ്ണമായും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാക്കാനുള്ള നീക്കവുമായി കേന്ദ്രം. ആർട്ടിക്കിൾ 240ന് കീഴിൽ ചണ്ഡിഗഡിനെ ഉൾപ്പെടുത്താനുള്ള ബില്ല് ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും.  അതേസമയം, പ്രതിഷേധവുമായി ആംആദ്മിയും കോണ്‍ഗ്രസും രംഗത്തെത്തി

ദില്ലി: ചണ്ഡിഗഡിനെ പൂർണ്ണമായും കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാക്കാനുള്ള നീക്കവുമായി കേന്ദ്രം. ആർട്ടിക്കിൾ 240ന് കീഴിൽ ചണ്ഡിഗഡിനെ ഉൾപ്പെടുത്താനുള്ള ബില്ല് ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. കേന്ദ്ര സർക്കാർ നീക്കം പഞ്ചാബിന്‍റെ അവകാശങ്ങള്‍ക്കുള്ള മേലുള്ള കടന്നു കയറ്റമെന്നാരോപിച്ച് ആംആദ്മി പാര്‍ട്ടിയും, കോൺഗ്രസും രംഗത്തെത്തി. അതേസമയം, അന്തിമ തീരുമാനമായിട്ടില്ലെന്നും ചണ്ഡിഗഡിൽ ലെഫ്റ്റ്നന്‍റ് ഗവര്‍ണറെ നിയമിക്കാനുള്ള നിര്‍ദേശം പരിഗണനയിലാണെന്നുമാണ് കേന്ദ്രം അറിയിക്കുന്നത്. നിലവിൽ പാര്‍ലമെന്‍റിനാണ് പഞ്ചാബിന്‍റെയും ഹരിയാനയുടെയും പൊതു തലസ്ഥാനമായ ചണ്ഡിഗഡിന്‍റെ മേല്‍നോട്ട ചുമതല. ചണ്ഡിഗഡിനെ ആർട്ടിക്കിൾ 240ന് കീഴിൽ ഉൾപ്പെടുത്തിയാൽ മേൽനോട്ട ചുമതല രാഷ്ട്രപതിക്ക് കീഴിൽ വരും. ഇതിലൂടെ ചണ്ഡിഗഡിന് പ്രത്യേകമായി ഒരു ലഫ്റ്റനന്‍റ് ഗവർണറെ നിയമിക്കാനും ഭരണം നടത്താനുമുള്ള അധികാരം കേന്ദ്രത്തിന് നൽകും.

നിലവിൽ പഞ്ചാബ് ഗവർണർക്കാണ് ചണ്ഡിഗഡിന്‍റെ അഡ്മിനിസ്ട്രേറ്റർ എന്ന അധിക ചുമതല. ബില്ല് പാസായാൽ നിയന്ത്രണം പൂർണമായും കേന്ദ്രത്തിലേക്ക് മാറും. പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനത്തിൽ ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ എന്ന പേരിലാകും ബില്ല് അവതരിപ്പിക്കുക. എന്നാൽ കേന്ദ്ര നീക്കത്തിനെതിരെ ശക്തമായ എതിർപ്പാണ് പഞ്ചാബിൽ ഉയരുന്നത്. തലസ്ഥാന നഗരമെന്ന നിലയിൽ ചണ്ഡിഗഡിനുമേൽ പഞ്ചാബിന് അവകാശ വാദങ്ങളുണ്ട്. ഫരീദാബാദിൽ നടന്ന വടക്കൻ മേഖലാ കൗൺസിൽ യോഗത്തിൽ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ ചണ്ഡിഗഡ് പഞ്ചാബിന് കൈമാറണം എന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം. കേന്ദ്രത്തിന്‍റെ ഈ നീക്കത്തിനെതിരെ പഞ്ചാബിലെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും പ്രതിപക്ഷമായ കോൺഗ്രസും ശക്തമായ എതിർപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. 

കേന്ദ്രത്തിലെ ബിജെപി സർക്കാർ പഞ്ചാബിന് അതിന്‍റെ തലസ്ഥാന നഗരത്തിന്മേലുള്ള അവകാശത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ഇരുകൂട്ടരും ആരോപിച്ചു. പഞ്ചാബിന്‍റെ ഭരണഘടന അവകാശങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് ഇതെന്ന് അരവിന്ദ് കെജ്രിവാൾ കുറ്റപ്പെടുത്തി. എന്നാൽ, ചണ്ഡിഗഡിന്‍റെ വികസനം മാത്രമാണ് നീക്കത്തിന് പിന്നിലെന്നാണ് ബിജെപി വാദം. ശൈത്യകാല സമ്മേളനത്തിൽ ബില്ല് കൊണ്ട് വരും എന്നു തന്നെയാണ് സഭ ബുള്ളറ്റിനുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ശൈത്യകാല സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബില്ല് അവതരിപ്പിക്കാൻ ഉദ്ദേശമില്ലെന്നും പുതിയ നിര്‍ദേശം ചണ്ഡിഗഢിന്‍റെ ഭരണക്രമീകരണങ്ങളിലോ പഞ്ചാബും ഹരിയാനയുമായുള്ള ചണ്ഡിഗഢിന്‍റെ ബന്ധങ്ങളിലോ മാറ്റം വരുത്തുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടാറ്റാ നഗര്‍-എറണാകുളം എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം; രണ്ട് എസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണമെന്ന് റിപ്പോർട്ട്
കര്‍ണാടകയിലെ 'ബുള്‍ഡോസര്‍ രാജ്' വിവാദം; പ്രതിസന്ധി ചര്‍ച്ച ചെയ്യാൻ സര്‍ക്കാര്‍, ഇന്ന് നിര്‍ണായക യോഗം