മുംബൈ ബാർജ് അപകടത്തിന് കാരണം ചുഴലിക്കാറ്റ് മുന്നറിയിപ്പ് അവഗണിച്ചതെന്ന് വിലയിരുത്തൽ

By Web TeamFirst Published May 21, 2021, 6:32 AM IST
Highlights

ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയപ്പോൾ തന്നെ പല ബാർജുകളും കരയിലേക്ക് വലിച്ച് കൊണ്ട് പോയതാണ്

മുംബൈ: ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ ദുരന്തത്തിൽ മൂന്ന് മലയാളികളടക്കം 49 പേരാണ് മരിച്ചത്. 25 പേരെ ഇനിയും കണ്ടെത്താനുണ്ട്. ചുഴലിക്കാറ്റിനെക്കുറിച്ച് മുന്നറിയിപ്പുണ്ടായിട്ടും അവഗണിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കോൺഗ്രസും എൻസിപിയും ശിവസേനയും ആവശ്യപ്പെട്ടു.

ദുരന്തം നടന്ന് ഇന്നേക്ക് നാല് ദിവസമായി. ചുഴലിക്കാറ്റ് വീശിയടിക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയപ്പോൾ തന്നെ പല ബാർജുകളും കരയിലേക്ക് വലിച്ച് കൊണ്ട് പോയതാണ്. എന്ത് കൊണ്ട് അത് ചെയ്തില്ലെന്ന ചോദ്യമാണ് മുങ്ങിപ്പോയ പാപ്പ 305 ബാർജിനെ കുറിച്ച് ഉയരുന്ന ആദ്യ ചോദ്യം. പ്രൊപ്പല്ലറുകൾ ഇല്ലാത്തതിനാൽ നങ്കൂരം പൊട്ടിയാൽ ബാർജുകളെ നിയന്ത്രിക്കാനാകില്ല. റിഗിൽ ഇടിച്ച് ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമെന്ന് മുൻകൂട്ടി കാണണമായിരുന്നു. എന്നാൽ ചുഴലിക്കാറ്റിന്റെ ദിശയിൽ മാറ്റങ്ങളുണ്ടായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന വാദമാണ് ന്യായമായി നിരത്തുന്നത്. 

ബാർജുകളുടെ നങ്കൂരങ്ങൾ ഉയ‍ർത്താൻ ദിവസങ്ങളെടുക്കുമെന്നതിനാൽ അവസാന നിമിഷം നിസഹായരായി പോയേക്കാം. ഒഎൻജിസിയ്ക്കും കേന്ദ്ര പെടോളിയം മന്ത്രിക്കും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാനാകില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. മന്ത്രിയുടെ രാജി ആവശ്യവും മുന്നോട്ട് വച്ചു. വിമർശനവുമായി എൻസിപിയും രംഗത്തെത്തി. കേന്ദ്ര സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന് പുറമെ മുംബൈ പൊലീസും അന്വേഷണം തുടങ്ങി.

click me!