ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസനയം വേദജ്ഞാനത്തിലും ആധുനിക ശാസ്ത്രത്തിലും അധിഷ്ടിതമായിരിക്കും: കേന്ദ്ര മന്ത്രി

By Web TeamFirst Published May 14, 2020, 5:22 PM IST
Highlights

ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസനയം വേദജ്ഞ്യാനത്തിലും ആധുനിക ശാസ്ത്രത്തിലും അധിഷ്ടിതമായിരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക്. 

ദില്ലി: ഇന്ത്യയിലെ പുതിയ വിദ്യാഭ്യാസനയം വേദജ്ഞ്യാനത്തിലും ആധുനിക ശാസ്ത്രത്തിലും അധിഷ്ടിതമായിരിക്കുമെന്ന് മാനവവിഭവശേഷി മന്ത്രി രമേശ് പൊക്രിയാല്‍ നിഷാങ്ക്. വിദ്യാഭ്യാസ പ്രവര്‍ത്തകനും  ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സ്ഥാപകനുമായ പിടി മദന്‍ മോഹന്‍ മാളവ്യയുടെ ആശയങ്ങളുടെ സാക്ഷാത്കാരമായിരിക്കും ഇതെന്നും അദ്ദേഹം പറ‍ഞ്ഞു.

കൊവിഡുമായി ബന്ധപ്പെട്ട ത്രിദിന വെബിനാര്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'കൊവിഡ് 19: മഹാമനയുടെ ഇന്ത്യന്‍ കാഴ്ചപ്പാടുകള്‍ ആഗോള സാഹചര്യത്തില്‍' എന്ന വിഷയത്തില്‍ മഹാമന മാളവ്യ മിഷന്‍, ബനാറസ് ഹിന്ദു സര്‍വകലാശാല എന്നിവ സംയുക്തമായാണ് വെബിനാര്‍ സംഘടിപ്പിച്ചത്.

ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഈ സാഹചര്യത്തില്‍ മഹാമനയുടെ കാഴ്ചപ്പാടുകള്‍ നമുക്ക് ഏറെ പ്രാധാന്യമുള്ളതാണ്. മഹാമനയുടെ കാഴ്ചപ്പാടിലുള്ള നമ്മുടെ സാംസ്കാരിക പൈതൃകം കരുത്തുറ്റതാണ്. നമ്മള്‍ പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവരും. അത് വേദജ്ഞ്യാനത്തെയും ആധുനിക ശാസ്ത്രത്തെയും അധികരിച്ചുള്ളതായിരിക്കും. മഹാമാനയുടെ കാഴ്ചപ്പാടുകളും പ്രതീക്ഷകളും ഇതിലൂടെ സാക്ഷാത്ക്കരിക്കപ്പെടും. പൗരാണിക അറിവ് പാഠ്യവിഷയങ്ങളുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

ഉദ്ഘാടന സെഷനില്‍ മുഖ്യ പ്രഭാഷകനായി ആര്‍എസ്എസ് ജോയിന്‍ ജനറൽ സെക്രട്ടറി ഡോ. കൃഷ്ണ് ഗോപാല്‍ പങ്കെടുത്തു. വിശാലമായ അറിവും ആത്മീയ ജ്ഞാനവും സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസ രീതിയാണ് മഹാമന എപ്പോഴും മുന്നോട്ടുവച്ചതെന്നും ഈ തത്ത്വങ്ങളിൽ അധിഷ്ടിതമായാണ് ബനാറസ് ഹിന്ദു സര്‍വകലാശാല സ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

click me!