Asianet News MalayalamAsianet News Malayalam

കളമശ്ശേരി ബസ് കത്തിക്കല്‍: 3 പേര്‍ കുറ്റക്കാരെന്ന് എന്‍ഐഎ കോടതി, ശിക്ഷാവിധി തിങ്കളാഴ്ച

 പിഡിപി നേതാവ് അബ്ദുൽ നാസർ മദനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെ 2005 സെപ്റ്റംബർ 9 നാണ് കളമശ്ശേരിയിൽ ബസ് കത്തിക്കുന്നത്. 

NIA court held three persons guilty in kalamassery bus burning
Author
Kochi, First Published Jul 28, 2022, 7:34 PM IST

കൊച്ചി: കളമശേരി ബസ് കത്തിക്കൽ കേസിൽ തടിയന്‍റവിട നസീർ അടക്കം മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കണ്ടെത്തി. കേസിൽ പ്രതികളായ തടിയന്‍റവിട നസീ‍ർ, സാബിർ ബുഹാരി, താജുദ്ദീൻ എന്നിവരെയാണ്  കുറ്റക്കാരെന്ന് കൊച്ചിയിലെ എൻഐഎ കോടതി കണ്ടെത്തിയത്. കുറ്റം സമ്മതിക്കുന്നതായി മൂന്ന് പ്രതികളും അറിയിച്ചതോടെയാണ് വിസ്താരം പൂ‍ർത്തിയാക്കാതെ വിധി പ്രസ്താവിച്ചത്. ഇവരുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും.

പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയെ തമിഴ്നാട് സർക്കാർ കോയമ്പത്തൂര്‍ ജയിലിലാക്കിയതിന് പ്രതികാരമായിട്ടാണ് കൃത്യം നടത്തിയതെന്നാണ് കുറ്റപത്രത്തിലുളളത്. തമിഴ്നാട്  സ്റ്റേറ്റ് ട്രാൻസ്പോർട് കോർപറേഷന്‍റെ  ബസ് 2005 സെപ്റ്റബർ 9 ന് തട്ടിക്കൊണ്ടുപോയി കളമശേരിയിൽ വെച്ച് കത്തിച്ചെന്നാണ് കേസ്. യാത്രക്കാരെ ഇറക്കിവിട്ടശേഷം ബസ് പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. 2010 ലാണ് അബ്ദുൾ നാസർ മഅദനിയുടെ ഭാര്യ സൂഫിയ മഅദനിയടക്കം 13 പേരെ പ്രതികളാക്കി എൻഐഎ കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ ഈ കേസിന്‍റെ വിസ്താരം പൂ‍ർത്തായാകും മുന്പേ തന്നെ തടിയന്‍റവിട നസീർ അടക്കമുളള മൂന്ന് പ്രതികൾ തങ്ങൾ കുറ്റമേൽക്കുന്നതായി കോടതിയെ അറിയിച്ചു. 

ഈ പശ്ചാത്തലത്തിലാണ്  കോടതിയുടെ വിധി. ബസ് കത്തിക്കൽ കേസിലടക്കം വിവിധ കേസുകളിലായി നിരവധിക്കൊല്ലം ജയിലിൽ കഴിഞ്ഞതിനാൽ റിമാൻ‍ഡ് കാലാവധി ശിക്ഷാ കാലാവധിയായി കണക്കാക്കും എന്ന നിയമോപദേശത്തിന്‍റെ പശ്ചാത്തലത്തിലാണ്  പ്രതികൾ  നേരിട്ട് കുറ്റം സമ്മതിച്ചെന്നാണ് വിവരം. ഗൂഡാലോചന, തട്ടിക്കൊണ്ടുപോകൽ, പൊതുമുതൽ നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കേസിലെ മറ്റൊരു പ്രതിയായ അനൂപ് സമാനമായ രീതിയിൽ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. പത്താം പ്രതിയായ സൂഫിയ മദനിയടക്കം ശേഷിക്കുന്ന പ്രതികളുടെ വിസ്താരം വൈകാതെ തുടങ്ങും.

Follow Us:
Download App:
  • android
  • ios