ജയിലിലെ സാഹചര്യങ്ങളിൽ പുരോഗതിയുണ്ടാക്കുവാനുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്ന ഒരാളാണ് പ്രദീപ് രഘുനന്ദൻ. കഴിഞ്ഞ ദിവസം ഡയറക്ർ ജനറൽ ഓഫ് പ്രിസൺസ് സഞ്ജീവ് ഗോയൽ, തിഹാർ ജയിൽ അധികാരികൾ എന്നിവർക്ക് ഒരു ശുപാർശക്കത്ത് അയച്ചിരിക്കുകയാണ് ഇയാൾ. വിഷയമെന്തെന്നോ? നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്ന ദിവസം അടുത്തടുത്തുവരികയാണല്ലോ. തങ്ങളുടെ ജീവിതങ്ങളിലെ ആ അന്ത്യനാൾ അടുത്തെത്തുന്തോറും അവർക്ക് കടുത്ത മരണഭയം ഉണ്ടാവുക സ്വാഭാവികമാണ്. പ്രാണഭീതി ഏതൊരു മനുഷ്യനിലും കടുത്ത മാനസികാഘാതങ്ങൾ ഏല്പിക്കാൻ പോന്ന ഒന്നാണ്. ഈ പ്രതികളെ തൂക്കിക്കൊല്ലാൻ ഏകദേശം ഉറപ്പിച്ച സ്ഥിതിക്ക്, അവരുടെ അവസാന നാളുകളിലെ മരണഭയം അകറ്റാൻ വേണ്ടിയുള്ള സഹായങ്ങൾ ചെയ്യാൻ തന്നെ അനുവദിക്കണം എന്നാണ് രഘുനന്ദന്റെ ആവശ്യം. അതിന് അയാളുടെ പക്കലുള്ളതോ ഗരുഡപുരാണം എന്ന ഹൈന്ദവപുരാണപുസ്തകവും. 

ജനിച്ചാൽ എന്തായാലും ഒരു ദിവസം മരിക്കും. ഏതൊരാളും ആ സത്യത്തെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് ജീവിക്കുന്നതും. അതിന്റെ ഒരു അപ്രവചനീയ സ്വഭാവം നമ്മളെ അതേപ്പറ്റി മറക്കാൻ സഹായിക്കും. എന്നാല്‍ തന്റെ മരണം ഇന്നദിവസമായിരിക്കും എന്ന് അറിഞ്ഞുകൊണ്ട് പിന്നെയും അതിനുമുമ്പുള്ള ദിവസങ്ങൾ എണ്ണിയെണ്ണി ജീവിക്കേണ്ടി വന്നാലോ. അത് അനുദിനം നമുക്ക് നൽകുന്ന പീഡനം ഏറെ വലുതായിരിക്കും. ആ പീഡാനുഭവത്തിൽ നിന്ന് ഈ നാലുപേരെ രക്ഷിക്കാൻ വേണ്ടിയാണ് ഇവർക്ക് ഗരുഡപുരാണം വായിച്ചുകേൾപ്പിക്കാൻ തന്നെ അനുവദിക്കണം എന്ന് രഘുനന്ദൻ ആവശ്യപ്പെട്ടിരിക്കുന്നത്. 

എന്താണ് ഗരുഡപുരാണം?

ഗരുഡപുരാണം വായിച്ചുകേട്ടാൽ ആരുടേയും മരണഭയം മാറുമെന്നാണ് രഘുനന്ദന്റെ അവകാശവാദം. ഇഹലോകത്തുനിന്ന് പരലോകത്തേക്കുള്ള ആത്മാവിന്റെ പ്രയാണത്തെപ്പറ്റി ഗരുഡപുരാണത്തിൽ വിശദീകരിക്കുന്നുണ്ടത്രേ. ഹൈന്ദവ മത വിശ്വാസപ്രകാരം മഹാവിഷ്ണു ഗരുഡന് ഉപദേശിച്ചു കൊടുത്ത രൂപത്തിൽ രചിക്കപ്പെട്ട, എണ്ണായിരത്തോളം ലഘുഗ്രന്ഥങ്ങൾ ഉൾപ്പെട്ട പുരാണമാണ് ഗരുഡപുരാണം. ഇതിന്റെ ഉത്തരാർദ്ധത്തിലാണ് ആത്മാവിന്റെ മരണാനന്തരജീവിതത്തെപറ്റിയുള്ള വിശദമായ വിവരങ്ങളുള്ളത്.  

പതിനാറ് അധ്യായങ്ങളിൽ 9000 ശ്ലോകങ്ങളിലായി വിസ്തരിച്ചു കിടക്കുന്ന ഈ പുസ്തകം മനുഷ്യമനസ്സിലെ മരണഭയത്തെ നീക്കം ചെയ്ത് അയാളെ മരണത്തെ പുൽകാൻ തയ്യാറെടുപ്പിക്കും എന്നാണ് രഘുനന്ദൻ പറയുന്നത്.ഈ ജന്മത്തിൽ മരിച്ചാലും, വീണ്ടും ഒരു പുനർജ്ജന്മം നമുക്കുണ്ടാകും എന്നത് ഹൈന്ദവ വിശ്വാസങ്ങളുടെ ഭാഗമാണ്. അതുകൊണ്ട് മരിച്ച ശേഷം മറ്റൊരു ശരീരത്തിലേക്ക് ആവേശിക്കപ്പെടേണ്ട ആത്മാവ്, മരിക്കും മുമ്പ് സർവഭയങ്ങളിൽ നിന്നും മുക്തമാവേണ്ടതുണ്ട് എന്നാണ് രഘുനന്ദൻ പറയുന്നത്. 

മരണവാറണ്ട് പുറപ്പെടുവിച്ച വാർത്ത അറിഞ്ഞ അന്നുമുതൽ, 22 -ന് തൂക്കിലേറ്റപ്പെടും എന്നറിഞ്ഞ അന്നുമുതൽ, നിർഭയ കേസിലെ നാലു പ്രതികളും വല്ലാത്ത മാനസിക സംഘർഷത്തിലാണ് എന്ന് രഘുനന്ദൻ പറയുന്നു. തനിക്ക് അനുവാദം കിട്ടിയാൽ ഈ നാലുപ്രതികളെയും കണ്ട് അവരെ ഗരുഡപുരാണം വായിച്ചുകേൾപ്പിച്ച് കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി വേണ്ട കൗൺസലിംഗ് നൽകും എന്നും അയാൾ പറയുന്നുണ്ട്. ഈ ആവശ്യം ചൂണ്ടിക്കാട്ടി ആഭ്യന്തരവകുപ്പിന് എഴുതിയിട്ട് നാളേറെയായി എങ്കിലും, ഇന്നുവരെ ഒരു മറുപടി അയാളെ തേടിയെത്തിയിട്ടില്ല.