
പട്ന: ബിഹാറിന്‍റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രി കസേരയിലിരുന്നതാരെന്ന ചോദ്യത്തിന് ആർക്കും സംശയമുണ്ടാകില്ല. അത് നിതീഷ് കുമാർ തന്നെ. എന്നാൽ മുഖ്യമന്ത്രി കസേരയിലേക്ക് 'മാന്ത്രിക വഴി'യാണ് നിതീഷ് എന്നും തേടാറുള്ളത്. കാൽനൂറ്റാണ്ടോളമായി നിതീഷ് തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ, ചാണക്യ തന്ത്രങ്ങളിലൂടെ മുഖ്യമന്ത്രി കസര കൈപ്പിടിയിലാക്കിയിട്ട്. വീണ്ടുമൊരു മഹാ വിജയം ബിഹാറിൽ ജെ ഡി യു - ബി ജെ പി സഖ്യം നേടിയപ്പോൾ എല്ലാ കണ്ണുകളും നിതീഷിലേക്കാണ് ഉറ്റുനോക്കുന്നത്. പത്താം തവണയും മുഖ്യമന്ത്രിയായി അദ്ദേഹം അധികാരമേൽക്കുമെന്നാണ് എല്ലാ വിലയിരുത്തലുകളും. അതിനപ്പുറമുള്ള അത്ഭുതം കാട്ടാനൊന്നും ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബി ജെ പിയും മോദിയും ശ്രമിക്കില്ലെന്നാണ് വ്യക്തമാകുന്നത്.
ബിഹാറിന്‍റെ അധികാരം ഏറ്റവും കൂടുതൽ കാലം കൈയ്യാളിയ മുഖ്യമന്ത്രി, എം എൽ എ ആകാത്ത 40 വർഷങ്ങളാണ് കടന്നുപോയത്. 1985 ലാണ് നിതീഷ് കുമാർ അവസാനമായിട്ട് എം എൽ എ ആയത്. 1977 ലാണ് നിതീഷ് കുമാർ ആദ്യമായി നിയമസഭാ തെരഞ്ഞെടുപ്പിൽ പോരിനിറങ്ങിയത്. എന്നാൽ കന്നി പോരാട്ടത്തിൽ പരാജയമായിരുന്നു ഫലം. 1980 ലും വിജയം കാണാനായില്ല. എന്നാൽ 5 വർഷങ്ങൾക്കിപ്പുറം സംസ്ഥാന രാഷ്ട്രീയത്തിലെ കരുത്തനായാണ് നിതീഷ് വളർന്നത്. 1985 ൽ ആദ്യമായി നിയമസഭ കണ്ട നിതീഷ്, പിന്നീട് സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ചു. ദില്ലി കേന്ദ്രീകരിച്ചുള്ള പ്രവർത്തനമായിരുന്നു നിതീഷിന്‍റെ വളർച്ചയുടെ കാതൽ. 1989 ൽ ആദ്യമായി പാർലമെന്‍റിലെത്തിയ അദ്ദേഹം വളരെ വേഗം ദേശീയ രാഷ്ട്രീയത്തിലെയും ശ്രദ്ധാകേന്ദ്രമായി. 1989ൽ ബാർഹിൽ നിന്ന് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നിതീഷ്, തുടർച്ചയായി നാല് തവണ എം പിയായി തെരഞ്ഞെടുക്കപ്പെട്ടു. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബാർഹിലും നളന്ദയിലും മത്സരിച്ചെങ്കിലും നളന്ദയിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളു. ഇതായിരുന്നു തെരഞ്ഞെടുപ്പികളിലെ നിതീഷിന്‍റെ അവസാനത്തെ ജയവും തോൽവിയും.
2000 ലാണ് നിതിഷ് കുമാർ ആദ്യമായി ബിഹാറിന്‍റെ മുഖ്യമന്ത്രിയായത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും കേവല ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കാതെ ഏഴാം ദിവസം രാജിവെച്ചൊഴിയേണ്ടിവന്നു. 5 വർഷത്തിനിപ്പുറം ബിഹാറിന്‍റെ മുഖ്യമന്ത്രി പദത്തിൽ നിതീഷ് വീണ്ടുമെത്തി. 2005 ൽ എം എൽ എ അല്ലാതിരുന്ന നിതീഷ്, ബിഹാർ എം എൽ സി (മെമ്പർ ഓഫ് ലെജിസ്ലേറ്റീവ് കൗൺസിൽ) വഴിയാണ് മുഖ്യമന്ത്രിയായത്. അന്ന് മുതൽ നാളിതുവരെയും മുഖ്യമന്ത്രിയാകാൻ എം എൽ സിയെന്ന 'മാന്ത്രിക വഴി' തന്നെയാണ് നിതീഷ് തെരഞ്ഞെടുത്തിട്ടുള്ളത്. ഓരോ ആറ് വർഷം കൂടുമ്പോഴും എം എൽ സി അംഗത്വം പുതുക്കുന്ന നിതീഷ് 2024 ലാണ് ഏറ്റവും ഒടുവിൽ എം എൽ സി ആയത്. ഇത് പ്രകാരം 2030 വരെ അദ്ദേഹത്തിന് എം എൽ സിയായി തുടരാം. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ തോതിൽ ഇടപെടാൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം ഗുണം ചെയ്യുന്നുണ്ട് എന്നതാണ് നിതീഷിന്‍റെ വാദം. ഏതെങ്കിലും ഒരു നിയോജക മണ്ഡലത്തിന്റെ പ്രതിനിധിയായി മാത്രം ഒതുങ്ങാതെ സംസ്ഥാനത്തിന്‍റെ മൊത്തം ക്ഷേമത്തിനായി പ്രവർത്തിക്കാൻ എം എൽ സി അംഗമെന്ന നിലയിൽ സാധിക്കുമെന്നും അദ്ദേഹം പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലെജിസ്ലേറ്റീവ് കൗൺസിലുകൾ ഉള്ള 6 സംസ്ഥാനങ്ങളാണ് രാജ്യത്തുള്ളത്. ബിഹാർ, ആന്ധ്ര, തെലങ്കാന, കർണാടക, മഹാരാഷ്ട്ര, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ലെജിസ്ലേറ്റീവ് കൗൺസിലുകൾ ഉള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam