Nationwide Strike : പണിമുടക്കും ഇന്ധന വിലയും ചർച്ച ചെയ്യാതെ പാർലമെന്റ്, പ്രതിപക്ഷ ആവശ്യം തള്ളി

Published : Mar 28, 2022, 12:54 PM ISTUpdated : Mar 28, 2022, 01:25 PM IST
Nationwide Strike : പണിമുടക്കും ഇന്ധന വിലയും ചർച്ച ചെയ്യാതെ പാർലമെന്റ്, പ്രതിപക്ഷ ആവശ്യം തള്ളി

Synopsis

ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭ അധ്യക്ഷനും തളളി.

ദില്ലി: കേന്ദ്ര തൊഴില്‍ നയങ്ങള്‍ക്കെതിരെ, തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ ദേശീയ പണിമുടക്കും (Nationwide Strike) ഇന്ധന വിലവര്‍ധനയും(Fuel Price) പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം തള്ളി. ലോക്സഭയില്‍ അടിയന്തരപ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം രാജ്യസഭ അധ്യക്ഷനും തളളി.  പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ പന്ത്രണ്ട് മണിവരെ നിര്‍ത്തി വച്ചു. ഗാന്ധി പ്രതിമക്ക് മുന്‍പിലും എംപിമാര്‍ പ്രതിഷേധിച്ചു.

അർധരാത്രി ആരംഭിച്ച 48 മണിക്കൂർ ദേശീയ പണിമുടക്ക് മുംബൈ, ദില്ലി തുടങ്ങിയ വന്‍ നഗരങ്ങളെ ബാധിച്ചില്ല. ദില്ലിയിലും മുംബൈയിലും ഇന്നും ജനജീവിതം സാധാരണ പോലെയാണ്. വാഹനങ്ങൾ നിരത്തിലിറങ്ങി. കർണാടകയിലും ആന്ധ്രയിലും തെലങ്കാനയിലും പൊതുഗതാഗതവും സ്വകാര്യവാഹനങ്ങളും പതിവുപോലെ നിരത്തിലുണ്ട്. വ്യാപാരസ്ഥാപനങ്ങളും തുറന്നിട്ടുണ്ട്. കർണാടകയിൽ പത്താംക്ലാസ് പരീക്ഷ അടക്കം മാറ്റമില്ലാതെ നടക്കുകയാണ്. 

ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലിന് സമാനം

അതേ സമയം ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറി. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടന്നു. പണിമുടക്ക് ഹൈക്കോടതി തടഞ്ഞിട്ടും കൊച്ചി ബിപിസിഎല്ലിലേക്കെത്തിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു. അതേ സമയം പണിമുടക്ക് ഐടി മേഖലയെ കാര്യമായി ബാധിച്ചില്ല. ട്രെയിൻ സർവ്വീസ് തുടർന്നെങ്കിലും യാത്രക്കാർ കുറവായിരുന്നു. സമരക്കാർ ഒരിടത്തും ട്രെയിനുകൾ തടഞ്ഞില്ല. സമരത്തിൽ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നെങ്കിലും ആരും കടകൾ തുറന്നില്ല. 

ക‌ഞ്ചിക്കോട് വ്യവസായ മേഖലയില്‍ പണിമുടക്ക് പൂര്‍ണമാണ്. അവശ്യ സര്‍വ്വീസിനുള്ള സ്ഥാപനങ്ങളൊഴികെയുള്ള വ്യവസായ യൂണിറ്റുകള്‍ കിന്‍ഫ്രയിൽ പ്രവര്‍ത്തിച്ചില്ല. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളെ സിഐടിയു പ്രവര്‍ത്തകര്‍ ഗേറ്റില്‍ തടഞ്ഞു തിരിച്ചയച്ചു.  ആലപ്പുഴിൽ ജലഗതാഗത വകുപ്പിന്‍റെ ബോട്ടുകൾ അടക്കം സർവീസ് നടത്താത്തത് ജനങ്ങളെ ബാധിച്ചു. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും രാവിലെ സമരാനുകൂലികൾ പ്രകടനമായെത്തി ഹൗസ് ബോട്ട് ജീവനക്കാരോടക്കം പണിമുടക്കിന്‍റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ടു. പണിമുടക്കി വിവിധ സംഘടനകൾ സംസ്ഥാനത്തുടനീളം പ്രകടനം നടത്തി. 

PREV
Read more Articles on
click me!

Recommended Stories

മുൻ തൃണമൂൽ കോൺ​ഗ്രസ് നേതാവിനെതിരായ കേസിലെ പ്രധാന സാക്ഷിയും കുടുംബവും അപകടത്തിൽപ്പെട്ടു; സംഭവത്തിൽ ദുരൂഹത
സവർക്കർ പുരസ്കാരം: ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം