
ദില്ലി: ബോയിങ് വിമാനങ്ങളിലെ ഫ്യൂവൽ കൺട്രോൾ സ്വിച്ച് പരിശോധനകൾ പൂർത്തിയായതായി എയർ ഇന്ത്യ അറിയിച്ചു. പരിശോധനയിൽ ലോക്കിംഗ് സംവിധാനത്തിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല. ബോയിങ് -787, ബോയിങ്- 737 ശ്രേണിയിലുള്ള വിമാനങ്ങളിലാണ് പരിശോധന നടത്തിയത്. ജൂലൈ 12ന് എയർ ഇന്ത്യ സ്വമേധയാ പരിശോധനകൾ ആരംഭിക്കുകയായിരുന്നു. ഈ പരിശോധനയാണിപ്പോള്‍ പൂര്‍ത്തിയായത്.
അഹമ്മദാബാദിൽ എയര്‍ ഇന്ത്യ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുണ്ടായ അപകടത്തിന് പിന്നാലെയാമ് എയര്‍ ഇന്ത്യ പരിശോധന ആരംഭിച്ചത്. അപകടത്തിൽ 260 പേരാണ് കൊല്ലപ്പെട്ടത്. മുൻകരുതലെന്ന നിലയിലാണ് ബോയിങിന്‍റെ രണ്ടു ശ്രേണിയിലുള്ള എയര്‍ ഇന്ത്യയുടെ മുഴുവൻ വിമാനങ്ങളിലുടെയും ഫ്യുവൽ കണ്‍ട്രോള്‍ സ്വിച്ചുകളുടെ ലോക്കിങ് സംവിധാനത്തില്‍ പ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിച്ചത്.
ലോക്കിങ് സംവിധാനത്തിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നും സുരക്ഷിതമാണെന്നുമാണ് എയര്‍ ഇന്ത്യ അറിയിക്കുന്നത്. യാത്രക്കാരുടെയും ക്യാബിൻ ക്രൂ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ എയര്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഡിജിസിഎയുടെ നിര്‍ദേശാനുസരണം സമയപരിധിക്കുള്ളിൽ തന്നെ പരിശോധന പൂര്‍ത്തിയാക്കിയെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
ബോയിങിന്‍റെയും മറ്റു വിമാനങ്ങളുടെയും ഫ്യുവൽ കണ്‍ട്രോള്‍ സ്വിച്ച് സംവിധാനം പരിശോധിക്കാൻ കഴിഞ്ഞ മാസം ഡിജിസിഎ നിര്‍ദേശം നൽകിയിരുന്നു.ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ എഞ്ചിനിലേക്കുള്ള ഇന്ധനം എത്തിക്കുന്ന ഫ്യുവൽ സ്വിച്ചുകള്‍ കട്ട് ഓഫ് ആയെന്നാണ് അഹമ്മദാബാദ് വിമാന അപകടത്തിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നത്.സ്വിച്ചുകള്‍ എങ്ങനെയാണ് കട്ട് ഓഫ് മോഡിലേക്ക് പോയതെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam