
ന്യൂഡൽഹി: രാജ്യത്ത് ഉപയോഗിക്കുന്ന ഇ20 പെട്രോൾ (20 ശതമാനം എഥനോൾ ചേർത്ത പെട്രോൾ) പൂർണമായും സുരക്ഷിതവും പരിസ്ഥിതി സൗഹാർദപരവുമായ ഇന്ധനമാണെന്ന് കേന്ദ്ര സർക്കാർ. എഥനോൾ കലർത്താത്ത പഴയ പെട്രോളിലേക്ക് ഇനി ഒരു തിരിച്ചു പോക്കില്ലെന്നും പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി പാർലമെന്റിൽ അറിയിച്ചു. അതേ സമയം 20 ശതമാനത്തിൽ കൂടുതൽ എഥനോൾ പെട്രോളിൽ കലർത്താൻ ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താഴ്ന്ന ഗുണനിലവാരത്തിലേക്ക് ഇനിയും മടങ്ങുന്നതിന് പകരം അത്യാധുനിക സാങ്കേതിക വിദ്യകളിലേക്ക് മുന്നേറുക എന്നതാണ് സർക്കാരിന്റെ നയമെന്നും അദ്ദേഹം മറുപടിയിൽ കൂട്ടിച്ചേർത്തു. ലക്ഷ്യമിട്ടതിനും 5 വർഷം മുൻപ് തന്നെ ഇ20 എന്ന നേട്ടം കൈവരിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഇ20 പെട്രോൾ ഉപയോഗിക്കുന്നത് വാഹനങ്ങളുടെ എഞ്ചിൻ തകരാറിലാക്കുമെന്നും മൈലേജ് ഗണ്യമായി കുറയ്ക്കുമെന്നും സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാൽ, ഈ വാദങ്ങളെ പൂർണ്ണമായും തള്ളുകയാണ് കേന്ദ്രം. നീതി ആയോഗ് അടക്കമുള്ള വിവിധ ഏജൻസികളുടെ ലാബ് പരിശോധനകളിലും പ്രായോഗിക പഠനങ്ങളിലും ഇ20 ഇന്ധനം എഞ്ചിനുകൾക്ക് അസാധാരണമായ തകരാറുകളോ തേയ്മാനമോ ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തിയെന്ന് കേന്ദ്രം പറയുന്നു. രാജ്യത്തെ പ്രമുഖ കാർ നിർമ്മാതാക്കൾ സർവീസ് ചെയ്ത 2.84 കോടി വാഹനങ്ങളിൽ (പഴയ മോഡലുകൾ ഉൾപ്പെടെ) എഥനോൾ കാരണം എഞ്ചിൻ തകരാർ സംഭവിച്ചതായി ഒറ്റ പരാതിയും ലഭിച്ചിട്ടില്ല. പ്രമുഖ ഇരുചക്ര വാഹന നിർമ്മാതാക്കൾക്കും സമാനമായ അനുഭവമാണുള്ളത്. നിലവിൽ രാജ്യത്ത് 20 കോടിയിലധികം ഇരുചക്ര വാഹനങ്ങളും 3 കോടിയിലധികം പെട്രോൾ കാറുകളും ഇ15, ഇ20 പെട്രോളിൽ ഓടുന്നവയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.
മൈലേജുമായി ബന്ധപ്പെട്ട ആശങ്കകൾക്കും കേന്ദ്രം മറുപടി നൽകി. മൈലേജ് ബന്ധപ്പെട്ടിരിക്കുന്നത് ഇന്ധനക്ഷമത, ഡ്രൈവിംഗ് രീതികൾ, വാഹന പരിപാലനം, റോഡിന്റെ അവസ്ഥ എന്നീ കാര്യങ്ങളിലാണ്. ഇ10 ഇന്ധനത്തിനായി രൂപകൽപ്പന ചെയ്ത പഴയ വാഹനങ്ങളിൽ ഇ20 ഉപയോഗിക്കുമ്പോൾ മൈലേജിൽ 3 മുതൽ 5 ശതമാനം വരെ ചെറിയ കുറവ് വന്നേക്കാം. എന്നാൽ ഇ20 ഇന്ധനത്തിന് ഉയർന്ന ഒക്ടെയിൻ നമ്പർ ഉള്ളതിനാൽ ഇത് വാഹനത്തിന്റെ പിക്കപ്പും എഞ്ചിൻ ക്ഷമതയും വദ്ധിപ്പിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
ഇ20 ഇന്ധനവുമായി ബന്ധപ്പെട്ട ഉപഭോക്താക്കളുടെ പരാതികളും നിർദ്ദേശങ്ങളും പരിഹരിക്കുന്നതിനായി പൊതുമേഖലാ എണ്ണക്കമ്പനികൾ ഒരു പരാതി പരിഹാര സംവിധാനം ഒരുക്കിയിട്ടുണ്ട്. പെട്രോൾ പമ്പുകളിലെ പരാതി രജിസ്റ്റർ, ടോൾ ഫ്രീ ഹെൽപ്പ് ലൈനുകൾ, കമ്പനി വെബ്സൈറ്റുകൾ, മൊബൈൽ ആപ്പുകൾ, സോഷ്യൽ മീഡിയ എന്നിവ വഴി പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാം. കൃത്യമായ സമയപരിധിക്കുള്ളിൽ ഇത്തരം പരാതികൾ അന്വേഷിച്ച് പരിഹരിക്കുമെന്നും സർക്കാർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam