
ബെംഗളൂരു: കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ പുതിയ രാഷ്ട്രീയ വിവാദം തലപൊക്കി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കൊടും ക്രിമിനലുകൾക്കടക്കം പ്രത്യേക പരിഗണനയും സുഖസൗകര്യങ്ങളും നൽകുന്നതിൻ്റെ ജയിലിന് അകത്ത് നിന്നുള്ള വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 20 സ്ത്രീകളെ പീഡിപ്പിക്കുകയും ഇതിൽ 18 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി ഉമേഷ് റെഡ്ഡിയുടെ അടക്കം വീഡിയോ ദൃശ്യങ്ങളാണ് ഇത്.
1996 നും 2022 നും ഇടയിൽ നിരവധി സ്ത്രീകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തകയും ചെയ്ത സീരിയൽ കില്ലറാണ് ഉമേഷ് റെഡ്ഡി. സുപ്രീം കോടതി ഇയാളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചിരുന്നു. ജയിലിന് അകത്ത് നിന്ന് പകർത്തിയ ദൃശ്യങ്ങളിൽ രണ്ട് ആൻഡ്രോയ്‌ഡ് ഫോണുകളും ഒരു കീപാഡ് ഫോണും സീരിയൽ കില്ലറായ പ്രതി ഉപയോഗിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇയാൾ ഇരിക്കുന്നിൻ്റെ തൊട്ടുപിന്നിലായി ഒടു ടെലവിഷൻ സെറ്റും കാണാനാകുന്നുണ്ട്.
രന്യ റാവു സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ തരുൺ രാജുവിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ജയിലിനകത്ത് വെച്ച് പാചകം ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതാണ് ദൃശ്യം. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ജനീവയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച തരുൺ റായിയെ, ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളായ രന്യ റാവുവിന് ദുബായിൽ സ്വർണം വിതരണം ചെയ്ത സ്വർണ്ണ കള്ളക്കടത്ത് ശൃംഖലയുടെ സൂത്രധാരനെന്ന് കണ്ടാണ് അറസ്റ്റ് ചെയ്തത്. അതേസമയം സംഭവത്തിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ, അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.