
ദില്ലി: വീണ്ടും കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കുനേരെ ആക്രമണം. ഒഡീഷയിലെ ജലേശ്വറിലാണ് സംഭവം. മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് മലയാളി വൈദികരെയും രണ്ട് മലയാളി കന്യാസ്ത്രീകളെയും കയ്യേറ്റം ചെയ്തതായാണ് പരാതി.
ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് പരാതി. 70 പേരടങ്ങുന്ന ബജ്‍രംഗ്ദള്‍ പ്രവര്‍ത്തകരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. അതിക്രമത്തിന് ഇരയായ രണ്ടു വൈദികരും രണ്ടു കന്യാസ്ത്രീകളും മലയാളികളാണ്. മതപരിവര്‍ത്തനം ആരോപിച്ച് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
ഒരു വൈദികന്‍റെ ഫോണ്‍ അക്രമികള്‍ കൊണ്ടുപോയി. സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികള്‍ക്കുനേരെയും കയ്യേറ്റമുണ്ടായി. സംഭവത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.ജലശ്വേറിലെ ഗ്രാമത്തിൽ പ്രാര്‍ത്ഥനാ ചടങ്ങിലെത്തിയതായിരുന്നു മലയാളി വൈദികരും കന്യാസ്ത്രീകളും. ഇവിടേക്ക് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരെത്തുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞായിരുന്നു കയ്യേറ്റം. 45 മിനുട്ടോളം സ്ഥലത്ത് ഭീകരാന്തരീക്ഷം ഉണ്ടാക്കിയെന്നാണ് ആരോപണം.
സംഭവത്തിൽ സിബിസിഐ ശക്തമായി അപലപിച്ചു. അക്രസംഭവങ്ങള്‍ തുടര്‍ക്കഥയാവുകയാണെന്നും സിബിസിഐ പ്രസ്താവനയിൽ പറഞ്ഞു.