'വീണ്ടും ഓപ്പറേഷന്‍ താമരയുണ്ടാകും, ഉറപ്പ്': കര്‍ണാടകയില്‍ 2024ന് ശേഷം കോണ്‍ഗ്രസ് അവശേഷിക്കില്ലെന്ന് ഈശ്വരപ്പ

Published : Sep 03, 2023, 04:07 PM IST
'വീണ്ടും ഓപ്പറേഷന്‍ താമരയുണ്ടാകും, ഉറപ്പ്': കര്‍ണാടകയില്‍ 2024ന് ശേഷം കോണ്‍ഗ്രസ് അവശേഷിക്കില്ലെന്ന് ഈശ്വരപ്പ

Synopsis

കോൺഗ്രസിന് രാജ്യത്ത് ഭാവിയില്ല, എല്ലാ നേതാക്കളും കാവി ക്യാമ്പിലെത്തുമെന്ന് ബിജെപി നേതാവ് കെഎസ് ഈശ്വരപ്പ

ബെംഗളുരു: കര്‍ണാടകയിലെ ഓപ്പറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കുമെന്ന് ബിജെപി നേതാവും മുന്‍ മന്ത്രിയുമായ കെഎസ് ഈശ്വരപ്പ. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ കോണ്‍ഗ്രസ് അവശേഷിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവമോഗയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഈശ്വരപ്പ.

"കോൺഗ്രസ് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നു. ബിജെപിയിലെ പകുതിയോളം എംഎൽഎമാർ തങ്ങളുടെ പാർട്ടിയിൽ ചേരുമെന്ന് അവർ പറയുന്നു. എന്നാൽ ഒരു എംഎൽഎ പോലും ഇതുവരെ കോൺഗ്രസിലേക്ക് പോയിട്ടില്ല. അടുത്ത പൊതുതെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് അവശേഷിക്കില്ല. കർണാടകയിൽ മറ്റൊരു ഓപ്പറേഷൻ ലോട്ടസ് ഉണ്ടാകുമെന്ന് എനിക്ക് 100 ശതമാനം ഉറപ്പ് നൽകാൻ കഴിയും. കോൺഗ്രസിന് രാജ്യത്ത് ഭാവിയില്ല. എല്ലാ നേതാക്കളും കാവി ക്യാമ്പിലെത്തും"- കെ എസ് ഈശ്വരപ്പ പറഞ്ഞു.

പാർട്ടിയിൽ ഐക്യമില്ലെന്ന് പറഞ്ഞ് 17 കോൺഗ്രസ് എംഎൽഎമാർ ബിജെപിയെ സമീപിച്ചെന്നും ഈശ്വരപ്പ അവകാശപ്പെട്ടു. ചില കോൺഗ്രസ് എംഎൽഎമാർ സർക്കാരിൽ അസംതൃപ്തരാണ്. ചില പാർട്ടി അംഗങ്ങൾക്കിടയിൽ അതൃപ്തി ഉണ്ടെന്നും അതു പരിഹരിക്കുകയാണെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും സമ്മതിച്ചതാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ശിവകുമാറും തമ്മില്‍ വിവിധ വിഷയങ്ങളിൽ ഭിന്നതയുണ്ടെന്നും ഈശ്വരപ്പ ആരോപിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണവും ഈശ്വരപ്പ ഉന്നയിച്ചു. സർക്കാർ പാവപ്പെട്ടവരെ വഞ്ചിക്കുന്നു. അടിക്കടി വൈദ്യുതി മുടക്കി സംസ്ഥാനത്തെ ഇരുട്ടിലാക്കി. വികസനത്തിനോ ക്ഷേമ പദ്ധതികൾക്കോ ​​നയാപൈസ അനുവദിക്കുന്നില്ലെന്നും ഈശ്വരപ്പ വിമര്‍ശിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുമെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ലെന്ന് ഈശ്വരപ്പ പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പോലും തീരുമാനിക്കാനായില്ല. പിന്നെ എങ്ങനെ രാജ്യത്തെ ഒന്നിപ്പിക്കാന്‍ കഴിയുമെന്ന് ഈശ്വരപ്പ ചോദിക്കുന്നു.

2019ല്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിച്ചത് ഓപ്പറേഷന്‍ താമരയിലൂടെയായിരുന്നു. 17 എംഎല്‍എമാര്‍ ബിജെപി പാളയത്തില്‍ എത്തിയതോടെ സഖ്യ സര്‍ക്കാര്‍ വീണു. ഇത് ആവര്‍ത്തിക്കുമെന്നാണ് ഈശ്വരപ്പ അവകാശപ്പെടുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാജ്യത്ത് നാല് ദിവസം തുടർച്ചയായി പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ല, 27ാം തീയതി ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; 5 പ്രവർത്തി ദിനം ആവശ്യം
പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം