പാര്‍ലമെന്‍റിന് പുറത്ത് പ്രതിഷേധം; വെങ്കയ്യ നായിഡുവിനെ കണ്ട് പ്രതിപക്ഷം, പെഗാസസില്‍ കടുപ്പിക്കും

By Web TeamFirst Published Aug 12, 2021, 1:19 PM IST
Highlights

ഇന്നലെ രാജ്യസഭയിൽ ഇൻഷുറൻസ് മാര്‍ഷൽമാരെ വിളിച്ചുവരുത്തി ബില്‍ പാസാക്കിയതിലാണ് പ്രതിപക്ഷ പ്രതിഷേധം ഇരമ്പിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാവിലെ യോഗം ചേര്‍ന്നശേഷം പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം വിജയ് ചൗക്കിലേക്ക് മാര്‍ച്ച് ചെയ്തു. 

ദില്ലി: പ്രധാനമന്ത്രി രാജ്യത്തെ വില്‍ക്കുന്നതിനുള്ള വേദിയാക്കി പാര്‍ലമെന്‍റിനെ മാറ്റുന്നെന്ന് രാഹുൽ ഗാന്ധി. പെഗാസസ് വിഷയം ചര്‍ച്ച ചെയ്യാതെ ബജറ്റ് സമ്മേളനം വെട്ടി ചുരുക്കിയതിനെതിരെ പ്രതിപക്ഷം പാര്‍ലമെന്‍റിൽ നിന്ന് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്തി. ഇന്നലെ രാജ്യസഭയിൽ ഇൻഷുറൻസ് മാര്‍ഷൽമാരെ വിളിച്ചുവരുത്തി ബില്‍ പാസാക്കിയതിലാണ് പ്രതിപക്ഷ പ്രതിഷേധം ഇരമ്പിയത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ രാവിലെ യോഗം ചേര്‍ന്നശേഷം പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം വിജയ് ചൗക്കിലേക്ക് മാര്‍ച്ച് ചെയ്തു. വിജയ് ചൗക്കിൽ എംപിമാര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മാര്‍ഷൽമാര്‍ എന്ന പേരിൽ ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇറക്കിയെന്ന ആരോപണവും രാഹുൽ ഗാന്ധി ഉന്നയിച്ചു.

പ്രതിപക്ഷ നേതാക്കൾ രാജ്യസഭ അദ്ധ്യക്ഷൻ വെങ്കയ്യ നായിഡുവിനെ കണ്ട് സഭയിലെ ഇന്നലത്തെ സംഭവങ്ങളിൽ പരാതി അറിയിച്ചു. വെങ്കയ്യ നായിഡുവിനെ ബിജെപി നേതാക്കളും കണ്ടു. പെഗാസസ് ഫോണ്‍ നിരീക്ഷണത്തിൽ നിലപാട് ശക്തമാക്കാൻ സോണിയാഗാന്ധി പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിക്കും. മമത ബാനര്‍ജി എം കെ സ്റ്റാലിൻ തുടങ്ങിയ നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിനാണ് ശ്രമം. സഭാ ചട്ടങ്ങൾ കാറ്റിൽ പറത്തിയ പ്രതിപക്ഷത്തിന് തെരുവിൽ ജനാധിപത്യത്തെ കുറിച്ച് പറയാൻ അവകാശമില്ലെന്ന് ബിജെപി പ്രതികരിച്ചു. വര്‍ഷകാല സമ്മേളനത്തിൽ കണ്ട ഏറ്റുമുട്ടൽ എന്തായാലും പുറത്തേക്കും വ്യാപിക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!