
ദില്ലി : ദില്ലി വിമാനത്താവളത്തിൽ ടെർമിനൽ 3-ൽ ബസ് തീപിടിച്ച് കത്തി. എയർ ഇന്ത്യയുടെ ട്രാൻസിറ്റ് ബസിനാണ് തീ പിടിച്ചത്. വിമാനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപത്ത് വെച്ചാണ് തീപിടിത്തം. ബസ്സിൽ യാത്രക്കാരില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഉച്ചയോടെയാണ് അപകടമുണ്ടായത്. ഡൽഹി എയർപോർട്ടിലെ ടെർമിനൽ 3-ലുണ്ടായിരുന്ന എയർ ഇന്ത്യ വിമാനത്തിൽ നിന്ന് ഏതാനും മീറ്റർ അകലെ വെച്ചാണ് തീപിടിത്തമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഫയർഫോഴ്സ് സംഘം മിനിറ്റുകൾക്കുള്ളിൽ തീ അണയച്ചു. സംഭവം നടക്കുമ്പോൾ ബസ് നിർത്തിയിട്ട നിലയിലായിരുന്നു. ആർക്കും പരിക്കുകളോ ആളപായമോ ഉണ്ടായിട്ടില്ല. ബസ് പൂർണ്ണമായും തീജ്വാലയിൽ ആകുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.