
ബെംഗളൂരു: ഐഎഎസ് ഓഫീസറെ 'പാകിസ്ഥാനി' എന്ന് വിളിച്ച ബിജെപി നിയമസഭാംഗത്തിനെതിരെ കേസ്. കലബുറഗി ഡെപ്യൂട്ടി കമ്മീഷണർ ഫൗസിയ തരാന്നുമിനെയാണ് ബിജെപി എംഎൽസി എൻ രവികുമാർ അധിക്ഷേപിച്ചത്.
രവികുമാർ കലബുറഗിയിൽ റാലിക്കിടെ നടത്തിയ പരാമർശമാണ് വിവാദമായത്. കോൺഗ്രസ് പാർട്ടിയുടെ ഉത്തരവുകൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് ഫൗസിയയെന്ന് രവികുമാർ ആരോപിച്ചു. അവർ പാകിസ്ഥാനിൽ നിന്ന് വന്നതാണെന്ന് തോന്നുന്നു എന്നും രവികുമാർ പറഞ്ഞു. കലബുറഗിയിലെ സ്റ്റേഷൻ ബസാർ പൊലീസ് രവി കുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
രവികുമാറിനെതിരെ ഐഎഎസ് അസോസിയേഷൻ രംഗത്തെത്തി. രവികുമാർ നിരുപാധികം ക്ഷമാപണം നടത്തണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു. നിയമസഭാംഗത്തിന്‍റെ പരാമർശം അസ്വീകാര്യവും അവഹേളനപരവുമാണെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു. തനിക്ക് നാക്കുപിഴ സംഭവിച്ചതാണെന്ന് രവികുമാർ പിന്നീട് വിശദീകരിച്ചു. അഗാധമായ ഖേദം പ്രകടിപ്പിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഈ വിഷയത്തിൽ അഭിപ്രായം പറയാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഫൌസിയ പ്രതികരിച്ചു- അത് വ്യക്തിപരമായ തീരുമാനമാണ്. ഞാൻ ചെയ്യുന്ന ജോലി സ്വയം സംസാരിക്കട്ടെ. കാര്യങ്ങൾ ചെയ്തു തീർക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു".
2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയാണ് ഫൌസിയ. 2024 ലെ തെരഞ്ഞെടുപ്പിൽ വോട്ടർ പട്ടിക മാനേജ്‌മെന്റിലെ മികച്ച പ്രവർത്തനത്തിന് രാഷ്ട്രപതിയിൽ നിന്ന് പുരസ്കാരം നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam