35 ഓളം പേർ കൂട്ടമായി നിന്ന് മുദ്രാവാക്യം വിളിച്ചുവെന്നും സർവകലാശാല യൂണിയൻ അധ്യക്ഷ ഉൾപ്പെടെയുള്ളവരുടെ പേരിൽ കേസെടുക്കണമെന്നുമാണ് പരാതി. ജെഎൻയു ഉപാധ്യക്ഷയും മലയാളി വിദ്യാർത്ഥിയുമായ ഗോപിക ബാബുവിന്റെ പേരും പരാതിയിൽ.
ദില്ലി: ജെഎൻയുവിലെ മുദ്രാവാക്യ വിവാദത്തിൽ പൊലീസിന് പരാതി. സർവ്വകലാശാല സുരക്ഷാ വിഭാഗമാണ് പരാതി നൽകിയത്. ക്രമസമാധാനം തകർക്കാൻ ശ്രമിച്ചുവെന്നാണ് പരാതിയിലെ ആരോപണം. 35 ഓളം പേർ കൂട്ടമായി നിന്ന് മുദ്രാവാക്യം വിളിച്ചുവെന്നും സർവകലാശാല യൂണിയൻ അധ്യക്ഷ ഉൾപ്പെടെയുള്ളവരുടെ പേരിൽ കേസെടുക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. ജെഎൻയു ഉപാധ്യക്ഷയും മലയാളി വിദ്യാർത്ഥിയുമായ ഗോപിക ബാബുവിന്റെ പേരും പരാതിയിലുണ്ട്.
ഒരിടവേളയ്ക്ക് ശേഷം ജെഎൻയുവിൽ വീണ്ടും മുദ്രാവാക്യ വിവാദം ഉടലെടുത്തിരിക്കുകയാണ്. ഇന്നലെ ക്യാമ്പസിൽ ഇടതുസംഘടനകൾ നടത്തിയ പരിപാടിയിൽ രാജ്യവിരുദ്ധമുദ്രവാക്യങ്ങൾ ഉയർത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്. മോദിക്കും അമിത്ഷായ്ക്കും കല്ലറ ഒരുക്കുമെന്ന് മുദ്രവാക്യം വിളിച്ചെന്നും ബിജെപി നേതാക്കൾ പറയുന്നു. എന്നാൽ സാധാരണ വിളിക്കുന്ന മുദ്രാവാക്യങ്ങൾക്ക് അപ്പുറം യതൊന്നും സംഭവിച്ചിട്ടില്ല എന്നാണ് ഇടതുവിദ്യാർത്ഥി സംഘടനകളുടെ പ്രതികരണം.


