
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ പഞ്ചാബ് സർവകലാശാല ക്യാമ്പസിൽ ഗവേഷക വിദ്യാർഥിനി ഷോക്കേറ്റ് മരിച്ചു. ഹരിയാണ റെവാരി സ്വദേശിനിയും മൈക്രോ ബയോളജി വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാർഥിയുമായ ജ്യോതി(28)യാണ് മരിച്ചത്. ചൊവ്വാഴ്ചയായിരുന്നു സംഭവം.
വെള്ളക്കെട്ടുണ്ടായ വഴിയിലൂടെ ഹോസ്റ്റലിൽനിന്ന് പഠനവകുപ്പിലേക്ക് നടന്നുപോകുന്നതിനിടെയാണ് ജ്യോതിക്ക് ഷോക്കേറ്റത്. ഷോക്കേറ്റ് തെറിച്ചുവീണ വിദ്യാർഥിനിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കനത്തമഴയെത്തുടർന്ന് ക്യാമ്പസിലെ പ്രധാന വഴികളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ജ്യോതി നടന്നുപോയ വഴിയിലും സമാനമായിരുന്നു സ്ഥിതി. ഇതിന്റെ സമീപത്തായി ഒരു ഇലക്ട്രിക് ജംഗ്ഷൻ ബോക്സും ഉണ്ടായിരുന്നു. ഇതിൽനിന്ന് വെള്ളത്തിലൂടെ വൈദ്യുതി പ്രവഹിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, വിദ്യാർഥിനിയുടെ മരണത്തിന് പിന്നാലെ സർവകലാശാല അധികൃതർക്കെതിരേ ക്യാമ്പസിൽ കനത്ത പ്രതിഷേധമുയർന്നു. ക്യാമ്പസിലെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്നും ഇതിൽ ഉത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നുമായിരുന്നു വിദ്യാർഥികളുടെ ആവശ്യം. ജ്യോതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടു.
വൈസ് ചാൻസലറുടെ ഓഫീസിന് മുന്നിലാണ് വിദ്യാർഥികൾ ഒന്നടങ്കം കുത്തിയിരുന്ന് പ്രതിഷേധിച്ചത്. തുടർന്ന് ജ്യോതിയുടെ കുടുംബാംഗങ്ങളുമായും വിദ്യാർഥി പ്രതിനിധികളുമായും നടത്തിയ ചർച്ചയിൽ കുടുംബത്തിന് 16 ലക്ഷം രൂപ സാമ്പത്തിക സഹായം നൽകാമെന്നും സഹോദരന് സർവകലാശാലയിൽ ജോലി നൽകാമെന്നും അധികൃതർ സമ്മതിച്ചു. ഇതോടെയാണ് വിദ്യാർഥി പ്രതിഷേധം അവസാനിച്ചത്.
ഐടിഐ യോഗ്യതയുള്ള ജ്യോതിയുടെ സഹോദരന് സർവകലാശാലയിൽ ഇലക്ട്രീഷ്യനായാണ് ജോലി നൽകുകയെന്ന് അധികൃതർ പിന്നീട് അറിയിച്ചു. വിദ്യാർഥിനിയുടെ മരണത്തിൽ പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam