
ബൗദ്ധ്: പക്ഷാഘാതം വന്ന് കിടപ്പിലായ ഒരു വയോധികനെ ചുറ്റിവരിഞ്ഞ് വിഷ പാമ്പ്. മണിക്കൂറുകൾ പാമ്പിന്റെ പിടിയിൽ. ഒടുവിൽ ഒരു കടി പോലുമേൽക്കാതെ അത്ഭുത രക്ഷ. ഒഡീഷയിലെ ബൗദ്ധിലാണ് അസാധാരണ സംഭവം. ഹരഭംഗ ബ്ലോക്കിലെ അഡേനിഗഡ് ഗ്രാമത്തിലെ താമസക്കാരനായ കൃഷ്ണ ചന്ദ്ര സാഹു എന്ന വയോധികനാണ് തന്റെ കിടക്കയിൽ വെച്ച് നാല് മണിക്കൂറോളം മരണത്തെ മുഖാമുഖം കണ്ടത്. കഴിഞ്ഞ ദിവസം രാത്രി ഇദ്ദേഹം ഉറങ്ങാൻ കിടന്ന മുറിയുടെ ജനൽ തുറന്നുകിടന്നിരുന്നു. ഇതിലൂടെ മാരക വിഷമുള്ള ഒരു പാമ്പ് മുറിക്കുള്ളിലേക്ക് കടക്കുകയായിരുന്നു. രാത്രിയിൽ ഉറക്കത്തിനിടയിൽ എന്തോ ഒന്ന് തന്റെ ശരീരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്നതായി സാഹുവിന് മനസ്സിലായി. എന്നാൽ കുറച്ചുകാലം മുൻപ് ഉണ്ടായ പക്ഷാഘാതത്തെ തുടർന്ന് ശാരീരിക ചലനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്ന സാഹുവിന് പെട്ടെന്ന് എഴുന്നേറ്റ് മാറാനോ ഉറക്കെ പ്രതികരിക്കാനോ കഴിഞ്ഞില്ല.
ഭയന്നുപോയ അദ്ദേഹം കിടക്കയിൽ നിന്നും ചെറുതായി ഒന്ന് മാറിക്കിടക്കാൻ ശ്രമിച്ചതോടെ പാമ്പ് പെട്ടെന്ന് അദ്ദേഹത്തിന്റെ ഒരു കൈയിൽ മുറുകെ ചുറ്റിപ്പിണയുകയും, ശരീരത്തിന്റെ ബാക്കി ഭാഗം കട്ടിലിനടുത്തുള്ള ഒരു കസേരയിലുമായി ചുറ്റുകയുമായിരുന്നു. ഇതോടെ കൃഷ്ണ ചന്ദ്ര സാഹുവിന് ഒട്ടും അനങ്ങാൻ പറ്റാത്ത അവസ്ഥയായി. ചെറിയൊരു ചലനം ഉണ്ടായാൽ പോലും പാമ്പ് പ്രകോപിതനായി കൊത്തുമെന്ന ഭയത്താൽ പൂർണ്ണമായും നിശ്ചലനായി ശ്വാസമടക്കി നാല് മണിക്കൂറോളമാണ് സാഹു ആ കിടപ്പ് കിടന്നത്. പിന്നീട് പുലർച്ചെയോടെ എന്തോ അസ്വാഭാവികത തോന്നി വീട്ടുകാർ മുറിയിലേക്കെത്തിയപ്പോഴാണ് സാഹുവിന്റെ കൈയിലും കസേരയിലുമായി പാമ്പ് ചുറ്റിപ്പിണഞ്ഞു കിടക്കുന്നത് കണ്ട് ഞെട്ടിയത്.
പാമ്പിനെ ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചാൽ അത് ഉടൻ തന്നെ അദ്ദേഹത്തെ അക്രമിക്കുമെന്നതിനാൽ വീട്ടുകാർ വളരെ ആലോചിച്ചാണ് അടുത്ത നീക്കങ്ങൾ നടത്തിയത്. അവർ പാമ്പിനെ ഒട്ടും അസ്വസ്ഥമാക്കാതെ സാഹചര്യങ്ങൾ നിരീക്ഷിക്കുകയും ഒടുവിൽ കടുത്ത ജാഗ്രതയോടെ സാഹുവിനെ പാമ്പിന്റെ പിടിയിൽ നിന്നും സുരക്ഷിതമായി മോചിപ്പിക്കുകയുമായിരുന്നു. മണിക്കൂറുകളോളം മാരക വിഷമുള്ള പാമ്പിനോടൊപ്പം ഇത്രയും അടുത്തായി കഴിഞ്ഞിട്ടും ഒരു തവണ പോലും കടിയേൽക്കാതെയാണ് സാഹു രക്ഷപ്പെട്ടത്. നിലവിൽ അദ്ദേഹം ആരോഗ്യവാനായിരിക്കുന്നുവെങ്കിലും അനുഭവിച്ച വലിയ മാനസിക ആഘാതത്തിൽ നിന്നും ഇനിയും പൂർണ്ണമായി മുക്തനായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam