
പട്ന: ബിഹാറിലെ പാർട്ടികളിൽ കൂട്ട പുറത്താക്കൽ. ഭരണപക്ഷ പ്രതിപക്ഷ ഭേദമില്ലാതെയാണ് നേതാക്കൾക്കെതിരെ നടപടി. 26 നേതാക്കളെയാണ് ആർജെഡി പുറത്താക്കിയത്. കഹൽഗാം എംഎൽഎയടക്കം 6 നേതാക്കളെ ബിജെപി പുറത്താക്കി. ജെഡിയു 16 നേതാക്കളെ പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ചാണ് നടപടി. ടിക്കറ്റ് ആവശ്യപ്പെട്ട് പ്രതിഷേധിച്ച നേതാക്കളാണ് മൂന്ന് പാർട്ടികളിലും നടപടി നേരിട്ടിരിക്കുന്നത്. നിയമ സഭാ തെരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുന്നതിനിടെയാണ് പ്രധാന പാർട്ടികളെല്ലാം തന്നെ റിബൽ നേതാക്കളെ പുറത്താക്കിയിട്ടുള്ളത്. നവംബർ 6, 11 തിയതികളിലാണ് ബിഹാർ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 14നാണ് തെരഞ്ഞെടുപ്പ് ഫലം വരിക.
നിലവിലെ എംഎൽഎമാരും മുൻ എംഎൽഎമാരും ജില്ലാ, സംസ്ഥാന നിർണായക ചുമതലയിൽ ഉള്ളവരടക്കമാണ് പാർട്ടികളിൽ നടപടി നേരിടുന്നത്. പാർട്ടി നോമിനികൾക്കെതിരായി സ്വതന്ത്ര്യ സ്ഥാനാർത്ഥികളായി മത്സരിക്കാനൊരുങ്ങുമ്പോഴാണ് ആർജെഡി 26 നേതാക്കളെ പുറത്താക്കിയത്. ഇവർ പാർട്ടിയുടെ സ്ഥാനാർത്ഥികൾക്കെതിരായ പ്രചാരണം നടത്തിയെന്നും ആർജെഡി ആരോപിക്കുന്നത്. ആറ് വർഷത്തേക്കാണ് ബിജെപി നാല് നേതാക്കളെ പുറത്താക്കിയത്. സീറ്റ് വിഭജനത്തിന് പിന്നാലെയുണ്ടായ അസ്വാരസ്യങ്ങളാണ് പാർട്ടികളിലെ നടപടികൾക്ക് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. 2005ന് ശേഷം ആദ്യമായാണ് ബിഹാറിൽ ബിജെപിയും ജെഡിയുവും 101 സീറ്റുകൾ വീതം മത്സരിക്കുന്നത്.
മുൻ മന്ത്രിയായ ശൈലേഷ് കുമാർ, നിലവിലെ എംഎൽഎയായ ഗോപാൽ മണ്ഡൽ, മുൻ എംഎൽഎയായ ശ്യാം ബഹാദൂ സിംഗ് അടക്കമുള്ളവരാണ് ജെഡിയുവിൽ നിന്ന് പുറത്താക്കപ്പെട്ട പ്രമുഖർ. പാർട്ടി സഖ്യത്തിനെതിരായ പ്രവർത്തനം ആരോപിച്ചാണ് നടപടി. സഖ്യത്തിലെ ആഭ്യന്തര എതിർപ്പുകൾ അവസാനിപ്പിക്കാനാണ് വിവിധ പാർട്ടികൾ രായ്ക്ക് രാമാനം നേതാക്കളെ പുറത്താക്കിയതെന്നാണ് ദേശീയമാധ്യമങ്ങൾ വിശദമാക്കുന്നത്. സഖ്യത്തിനുള്ളിൽ തന്നെയുള്ള എതിർ ശബ്ദങ്ങൾ അവസാനിപ്പിച്ച് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാനുള്ള നീക്കത്തിലാണ് എൻഡിഎയും ഇന്ത്യ സഖ്യവും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam