
ഭോപ്പാൽ: പാമ്പ് കടിയേറ്റ യുവാവിനൊപ്പം കടിച്ച മൂർഖനെയും ചാക്കിലാക്കി ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചു. അത്യാഹിത വിഭാഗത്തിൽ വെച്ച് ഇവർ പാമ്പിനെ ചാക്ക് ഉൾപ്പെടെ പുറത്തെടുത്തതോടെ ആശുപത്രിയിൽ മറ്റ് രോഗികളും കൂട്ടിരിപ്പുകാരും ഡോക്ടർമാരും പരക്കംപാഞ്ഞു. മദ്ധ്യപ്രദേശിലെ ബേടുലിലുള്ള ജില്ലാ ആശുപത്രിയിലാണ് സംഭവം.
സുഖറാം എന്ന യുവാവിനെയാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റ് ബന്ധുക്കൾ ആദ്യം നാട്ടിലെ ഒരു വൈദ്യന്റെ അടുത്തേക്ക് കൊണ്ടുപോയത്. അവിടെ നിന്ന് ആംബുലൻസ് വിളിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചു. ഈ സമയമൊക്കെ പാമ്പിനെയും ചാക്കിലാക്കി ഒപ്പം വെച്ചിരുന്നു. പാമ്പ് ഉണ്ടെന്ന് അറിയാതെയാണ് ആംബുലൻസ് ജീവനക്കാർ സുഖറാമിനെയും ബന്ധുക്കളെയും കൊണ്ടുപോയത്. അത്യഹിത വിഭാഗത്തിൽ രോഗിയെ പ്രവേശിപ്പിച്ച് ഡോക്ടർമാർ പരിശോധിക്കുന്നിതിനിടെ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പാമ്പിനെയും കൊണ്ടുവന്നിട്ടുണ്ടെന്ന് പറഞ്ഞ് ബന്ധുക്കൾ മൂർഖനെ പുറത്തെടുത്തത്.
ഇതോടെ ക്യാഷ്വാലിറ്റിയിലാകെ പരിഭ്രാന്തിയായി. അടുത്ത കിടക്കകളിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ബഹളംവെച്ചു. ആശുപത്രി അധികൃതർ പ്രദേശത്തെ ഒരു പാമ്പ് പിടുത്തക്കാരനെ വിളിച്ചുവരുത്തി പാമ്പിനെ കാട്ടിൽ തുറന്നുവിടാനായി കൊടുത്തു വിടുകയായിരുന്നു. എന്തിനാണ് പാമ്പിനെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതെന്ന ഡോക്ടർമാരുടെ ചോദ്യത്തിന് ഏത് പാമ്പാണ് കടിച്ചതെന്ന് കൃത്യമായി അറിയാൻ ഡോക്ടർമാരെ കാണിക്കാമെന്ന് കരുതിയെന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇത്തരം കാര്യങ്ങൾ അപകടകരമാണെന്ന് പറഞ്ഞ് മനസിലാക്കി ഇവരെ ഡോക്ടർമാർ പറഞ്ഞയക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam