ബെംഗളൂരുവിൽ എടിഎം തകർത്ത് മോഷണശ്രമം; പ്രതികൾക്കായി ത‌ിരച്ചിൽ ഊർജ്ജിതം

By Web TeamFirst Published Dec 28, 2019, 7:23 PM IST
Highlights

എടിഎമ്മിൽ സുരക്ഷാ ജീവനക്കാരൻ ഇല്ലാതിരുന്ന സമയത്താണ് സംഘം ഉള്ളിൽ പ്രവേശിച്ചത്. എടിഎമ്മിനുള്ളിൽ അടിയന്തിര അലാറം സംവിധാനവും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 

ബെംഗളൂരു: ബെം​ഗളൂരുവിലെ ബിടിഎം ലേഔട്ടിൽ എസ്ബിഐ എടിഎം മെഷീൻ തകർത്ത് കവർച്ചാശ്രമം. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം തുറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം.

എടിഎമ്മിൽ സുരക്ഷാ ജീവനക്കാരൻ ഇല്ലാതിരുന്ന സമയത്താണ് സംഘം ഉള്ളിൽ പ്രവേശിച്ചത്. എടിഎമ്മിനുള്ളിൽ അടിയന്തിര അലാറം സംവിധാനവും ഇല്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എടിഎം കൗണ്ടറിനുള്ളിലെ സിസിടിവി തകർക്കാൻ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. എടിഎമ്മിനുള്ളിൽ കയറിയ സംഘം വാതിൽ ഉളളിൽ നിന്ന് അടച്ച ശേഷം ലോക്കർ തകർക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട് തിരിച്ചുപോവുകയായിരുന്നുവെന്നും ബിടിഎം പൊലീസ് വ്യക്തമാക്കി.

പുലർച്ചെ അഞ്ച് മണിക്ക് പ്രദേശത്തെത്തിയ യാത്രക്കാരാണ് എടിഎം തുറന്ന് കിടക്കുന്നത് കണ്ട് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് എടിഎം കൗണ്ടറിന്റ ചുമതലയുള എസ്ബിഐ ബാങ്ക് അധികൃതതരെ വിവരമറിയിച്ചു. രാത്രി ഷിഫ്റ്റിന് സുരക്ഷാജീവനക്കാരെ നിയമിക്കാത്തതിനു ബാങ്ക് അധികൃതരോട് പൊലീസ് വിശദീകരണം തേടി.

നിലവിലെ ജീവനക്കാരൻ ഒമ്പത് മണിയോടു കൂടി എംടിഎമ്മിൽ നിന്നും പോയെന്നും രാത്രി ഡ്യൂട്ടിക്ക് സുരക്ഷാജീവനക്കാരനെ നിയമിച്ചിട്ടില്ലെന്നുമായിരുന്നു ബാങ്ക് ഉദ്യോ​ഗസ്ഥരുടെ പ്രതികരണം. സമീപത്തുള്ള സിസിടിവികൾ പരിശോധിച്ച് പ്രതികളെ പിടികൂടാനുളള ശ്രമത്തിലാണ് പൊലീസ്. 

click me!