
ദില്ലി: ജമ്മു കശ്മീരില്‍ ഛായമടിച്ചും കാലില്‍ ടാഗ് കെട്ടിയതുമായ പ്രാവിനെ കണ്ടെത്തിയത് സംശയമുണര്‍ത്തുന്നു. കത്വ ജില്ലയിലെ ഹിറ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ പിടികൂടിയ പ്രാവാണ് പൊലീസിന് തലവേദനയായത്. പ്രാവിനെ അതിര്‍ത്തി സേനക്ക് കൈമാറി. കാലില്‍ ടാഗും ചിറകില്‍ പിങ്ക് നിറം പൂശിയ നിലയിലുമാണ് പ്രാവിനെ സ്ത്രീ പിടികൂടിയത്. പാക് ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് പ്രാവെന്ന് പൊലീസ് സംശയിക്കുന്നു. ഇത് സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചു. പ്രാവിനെ പ്രത്യേകം സജ്ജീകരിച്ച കൂട്ടിലേക്ക് മാറ്റി.
അതിര്‍ത്തിക്ക് സമീപത്ത് താമസിക്കുന്ന ഗീതാ ദേവി എന്ന സ്ത്രീയുടെ വീട്ടിലേക്കാണ് പ്രാവ് എത്തിയത്. സ്ത്രീ പ്രാവിനെ പിടികൂടുകയും പരിശോധിച്ചപ്പോള്‍ നിറം പൂശിയതും കാലില്‍ ടാഗ് കെട്ടിയതും ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗ്രാമത്തലവനെ അറിയിക്കുകയുമായിരുന്നു. ടാഗില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സംശയമുണര്‍ന്നത്. ഗ്രാമത്തലവന്‍ ലോക്കല്‍ പൊലീസിനെ വിവരമറിയിച്ചു.
പ്രാവിനെ ചാരവൃത്തിക്ക് ഉപയോഗിച്ചതാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംശയിക്കുന്നതായി പൊലീസും ബിഎസ്എഫ് ഉന്നതരും അറിയിച്ചു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനായി പ്രാവുകളുടെ കാലില്‍ ഫോണ്‍ നമ്പര്‍ എഴുതി ടാഗ് തൂക്കുന്നത് പതിവുണ്ടെന്ന് സീനിയര്‍ എസ് പി ശൈലേന്ദ്ര മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തന്ത്രപ്രധാനമായ മേഖലയിലാണ് പ്രാവിനെ കണ്ടെത്തിയത് എന്ന് ഗൗരവമായി കാണുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam