
ഇറ്റാനഗര്‍: അരുണാചൽ പ്രദേശിൽ കാണാതായ എഎൻ 32 വ്യോമസേന വിമാനത്തിനായി നാലാം ദിവസവും തെരച്ചിൽ തുടരുന്നു. ഇന്നലെ രാത്രിയും നാവികസേനയും വ്യോമസേനയും സംയുക്തമായി തെരച്ചിൽ നടത്തി. ഐഎസ്ആര്‍ഒ ഉപഗ്രഹത്തിന്‍റെ സഹായവും തേടിയിട്ടുണ്ട്. കാണാതാവുന്ന സമയത്ത് വിമാനത്തിന്റെ എയർ ട്രാഫിക് കൺട്രോളിൽ ഉണ്ടായിരുന്നത് പൈലറ്റ് ആശിഷ് തൻവാറിന്റെ ഭാര്യ സന്ധ്യയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ജൂൺ മൂന്നിന് ഉച്ചയ്ക്ക് 12.25ന് അരുണാചൽ പ്രദേശിലെ മേചുകയെ ലക്ഷ്യമാക്കി പറന്നുയർന്ന വിമാനവും എയർ ട്രാഫിക് കൺട്രോളുമായുണ്ടായിരുന്ന ബന്ധം ഒരു മണിയോടെ നഷ്ടപ്പെടുകയായിരുന്നു. പിന്നീട് ഒരു ഒരുമണിക്കൂർ കഴിഞ്ഞ് വിവരമറിയിക്കാൻ സന്ധ്യയുടെ ഫോൺ വിളി വന്നെന്ന് ആശിഷിന്റെ അമ്മാവനും വ്യോമസേനാംഗവുമായ ഉദയ് വീർ സിങ് പറഞ്ഞു.
അടിയന്തിരമായി വിമാനം എവിടെയെങ്കിലും ലാന്റ് ചെയ്തുകാണുമെന്ന് കരുതി. അങ്ങനെ സംഭവിച്ചുവെങ്കിൽ വിമാനത്തിലെ ആരെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞുവെന്നും ഉദയ് വീർ പറഞ്ഞു. 2018 ഫെബ്രുവരിയിലാണ് ആശിഷ് തൻവാറും സന്ധ്യയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹ ആഘോഷങ്ങൾ കഴിഞ്ഞ് മെയ് 18നാണ് ഇരുവരും തിരികെ ജോലിയിൽ പ്രവേശിച്ചത്. കമ്പ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ആശിഷ് 2013ലാണ് ഐഎഎഫിൽ ചേരുന്നത്. തുടർന്ന് 2015ൽ വ്യോമസേന വിമാനത്തിൽ പൈലറ്റാകുകയും ചെയ്തു.
വിമാനത്തിൽ കൊല്ലം അഞ്ചൽ സ്വദേശിയും വ്യോമസേനാംഗവുമായ എസ് അനൂപ് കുമാറടക്കം പതിമൂന്നു പേർ ഉണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ചിരുന്നു. മഴ തുടരുന്നത് തെരച്ചിൽ ദുഷ്ക്കരമാക്കുകയാണ്. അസമില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മചുകയിലേക്കുള്ള യാത്രമധ്യേ ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് വിമാനം കാണാതായത്. ഇതേസമയം വിമാനം പരിഷ്ക്കരിക്കാത്തതിനാൽ എമർജൻസി ലൊക്കേറ്റർ ബീക്കൺ പ്രവർത്തനക്ഷമമായിരുന്നില്ല എന്നും അതിനാലാണ് വിമാനം കണ്ടെത്താൻ വൈകുന്നതെന്നും വിദഗ്ധർ വിമർശനമുന്നയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam