
ജയ്പൂർ: രണ്ട് ദിവസമായി കാണാതായ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ബാരനിലെ കെൽവാഡ ടൗണിൽ താമസിക്കുന്ന പ്രീതി അഹേദിയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ പ്രീതി രണ്ട് ദിവസമായി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. ഇതെത്തുടർന്ന് പ്രീതിയെ കാണാനില്ലെന്ന് പറഞ്ഞ് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പ്രീതിയെ വീട്ടിൽ നിന്ന് 120 കിലോമീറ്റർ അകലെയുള്ള കോട്ടയിലെ ഒരു ഹോട്ടൽ മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ പ്രീതി ഹോട്ടലിൽ ചെക്ക്- ഇൻ ചെയ്തുവെന്നാണ് അധികൃതർ പറയുന്നത്. ആധാർ കാർഡ് കാണിച്ചാണ് മുറിയെടുത്തിരുന്നതെന്നും ഈ സമയത്ത് ഇവരെ ആരും സന്ദർശിക്കുകയോ പ്രീതി മുറിയിൽ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. പലതവണ മുറിയിൽ തട്ടി വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനാൽ സംശയം തോന്നിയ ക്ലീനിംഗ് സ്റ്റാഫ് ഹോട്ടൽ മാനേജരെയും തുടർന്ന് പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്ത് കടന്ന് നോക്കിയപ്പോഴാണ് സീലിംഗ് ഫാനിൽ ഷോൾ ഉപയോഗിച്ച് കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് നയാപുര പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാർ പറഞ്ഞു.
മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു. പെൺകുട്ടി സ്കൂൾ യൂണിഫോമിൽ വന്ന് സ്കൂളിനടുത്ത് നിന്ന് ബസ് കയറുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാമെന്ന് പൊലീസ് പറയുന്നു. കുടുംബം ആദ്യം പോസ്റ്റ്മോർട്ടത്തെ എതിർത്തിരുന്നെങ്കിലും പിന്നീട് നടപടികളുമായി മുന്നോട്ട് പോകാൻ സഹകരിക്കുകയായിരുന്നു. എന്നാൽ, പ്രീതിക്കൊപ്പം ആരോ ഹോട്ടലിൽ ഉണ്ടായിരുന്നുവെന്നാണ് കുടുംബത്തിന്റെ വാദം. ഇതിനെ പൂർണമായും തള്ളിക്കളയുകയാണ് ഹോട്ടൽ ജീവനക്കാർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam