
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ മുസ്ലീം പുരോഹിതനായ ഇബ്രാഹിം മൗലവിയുടെ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ അറസ്റ്റിൽ. പള്ളിയിലെ വിദ്യാർത്ഥികളായ കുട്ടികൾക്ക് ഇബ്രാഹിം മൗലവിയോടുണ്ടായിരുന്ന വ്യക്തിപരമായ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
ഇന്നലെയാണ് ബാഗ്പത്തിലെ ഗംഗാനൗളി ഗ്രാമത്തിലെ പള്ളി ഇമാമായ ഇബ്രാഹിം മൗലവിയുടെ ഭാര്യ ഇസ്രാനയെയും, അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടക്കുമ്പോൾ ഇബ്രാഹിം മൗലവി സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തെക്കുറിച്ച് പലതരം അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് പോലീസ് രണ്ട് പ്രതികളെ പിടികൂടുന്നത്. പതിനഞ്ചും പതിനാറും വയസ്സുള്ള ഈ രണ്ട് വിദ്യാർത്ഥികൾ സ്ഥിരമായി പള്ളിയിൽ മതപഠനത്തിന് എത്താറുണ്ടായിരുന്നു. അച്ചടക്കം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ശകാരവും കർശന നടപടികളും സ്വീകരിച്ച അധ്യാപകനായ ഇബ്രാഹിം മൗലവിയോട് ഇരുവരും പക മനസ്സിൽ സൂക്ഷിച്ചു.
അധ്യാപകൻ പുറത്തുപോയെന്ന് മനസ്സിലാക്കിയ ഇരുവരും കുടുംബത്തെ ആക്രമിക്കാൻ പദ്ധതിയിടുകയും അത് കഴിഞ്ഞ രാത്രി നടപ്പാക്കുകയുമായിരുന്നു. മൂർച്ചയുള്ള ആയുധം സ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു. സി.സി.ടി.വി. കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കുട്ടികളിലേക്ക് പോലീസിനെ എത്തിച്ചത്. കൊലപാതക സമയത്ത് പള്ളിയിലെ സി.സി.ടി.വി. ദൃശ്യങ്ങൾ കുട്ടികളിൽ ഒരാൾ ഓഫാക്കുന്നത് റെക്കോർഡ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. പോലീസ് കസ്റ്റഡിയിലുള്ള കുട്ടികളെ ഉടൻ ജുവനൈൽ കോടതിയിൽ ഹാജരാക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam