പീഡന പരാതി നല്‍കിയ ട്രാന്‍സ് യുവതിയോട് ലിംഗം തെളിയിക്കണമെന്ന് പൊലീസ്, ആരോപണം

By Web TeamFirst Published Oct 13, 2019, 11:56 AM IST
Highlights

ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ ഒരാള്‍ സഭ്യമല്ലാത്ത രീതിയില്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് ട്രാന്‍സ് യുവതിയുടെ പരാതി. 

മുംബൈ: പീഡിപ്പിച്ചെന്ന് പരാതി നല്‍കാനെത്തിയ ട്രാന്‍സ് യുവതിയോട് ലിംഗം തെളിയിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടതായി ആരോപണം. പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ലിംഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്ന് പൊലീസ് പറഞ്ഞതായി ട്രാന്‍സ് യുവതിയാണ് ആരോപണമുന്നയിച്ചത്. 

നവി മുംബൈയിലേക്ക് പോകാനായി ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ സഭ്യമല്ലാത്ത രീതിയില്‍ ഒരാള്‍ ശരീരത്തില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. തുടര്‍ന്ന് ട്രാന്‍സ് യുവതി ഇയാളെ പിടികൂടി റെയില്‍വേ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാല്‍ പൊലീസുകാര്‍ സഹകരിച്ചില്ലെന്നും പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് ലിംഗനിര്‍ണയ സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കണമെന്നും പൊലീസ് പറഞ്ഞതായി ഇവര്‍ അറിയിച്ചു.

ദേഹപരിശോധന നടത്താന്‍ വനിതാ ഉദ്യോഗസ്ഥരോട് പൊലീസുകാര്‍ നിര്‍ദ്ദേശിച്ചതായും ഇവര്‍ ആരോപിച്ചു. പിന്നീട് ലിംഗം തെളിയിക്കുന്ന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കിയതിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.  വെള്ളിയാഴ്ച രാത്രിയോടെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. 50 -കാരനായ പ്രകാശ് ദേവേന്ദ്ര ദത്താണ് അറസ്റ്റിലായത്.

click me!