സിജെപി പ്രതിഷേധത്തിലേക്ക് പൊലീസ് വേഷത്തിൽ നുഴഞ്ഞുകയറാൻ പദ്ധതിയിട്ടു, പിടിയിലായ പ്രതിക്ക് ജെയ്ഷെ മുഹമ്മദുമായി ബന്ധം

Published : Aug 02, 2026, 04:51 PM IST
CJP Protest Terror Plot

Synopsis

പശ്ചിമ ബംഗാളിൽ പിടിയിലായ ആളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്കുവെച്ച് പശ്ചിമ ബംഗാൾ പൊലീസിന് കീഴിലുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്). പിടിയിലായ ഹമീം മൊണ്ഡലിന് ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് എസ്ടിഎഫ് ഐജി ഗൗരവ് ശർമ്മ പറഞ്ഞു.

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ അറസ്റ്റിലായ ആൾക്ക് പാകിസ്ഥാൻ കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച് പൊലീസ്. പൂർവ ബർധമാനിൽനിന്ന് പിടിയിലായ ഹമീം മൊണ്ഡലിന് ജെയ്ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നും ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ ലക്ഷ്യമിടാൻ പദ്ധതിയിട്ടിരുന്നതായും പശ്ചിമ ബംഗാൾ പൊലീസിന് കീഴിലുള്ള സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) അറിയിച്ചു. ഇയാൾ ദില്ലിയിലെ ജന്തർ മന്തറിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടയിലേക്ക് പൊലീസ് വേഷത്തിൽ നുഴഞ്ഞുകയറാൻ പദ്ധതിയിട്ടതായും എസ്ടിഎഫ് വെളിപ്പെടുത്തി.

ജന്തർ മന്തറിലെ പ്രതിഷേധ സ്ഥലത്ത് പൊലീസ് യൂണിഫോമിലെത്തി അശാന്തി സൃഷ്ടിക്കാനാണ് മൊണ്ടാലിന്റെ പാകിസ്ഥാൻ ഹാൻഡ്ലർമാർ ആവശ്യപ്പെട്ടിരുന്നതെന്ന് എസ്ടിഎഫ് ഐജി ഗൗരവ് ശർമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവരുടെ ലക്ഷ്യങ്ങളിൽ ഒരാൾ മുഖ്യമന്ത്രിയായിരുന്നു. മുഖ്യമന്ത്രിക്ക് സുരക്ഷയില്ലാത്ത സാഹചര്യങ്ങൾ ഉണ്ടാകാനിടയുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനാണ് ഹമീമിനോട് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം അറിയിച്ചു. ഹമീമിനെ ചോദ്യംചെയ്തതോടെ, ജെയ്ഷെ മുഹമ്മദ് ഹാൻഡ്ലർമാരുമായി ബന്ധമുള്ള പശ്ചിമ ബംഗാളിലെ കണ്ണികളെക്കുറിച്ച് എസ്ടിഎഫിന് വിവരം ലഭിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് എസ്ടിഎഫ് കസ്റ്റഡിയിൽ വിട്ടു.

വെള്ളിയാഴ്ച ജാർഖണ്ഡിൽനിന്ന് അറസ്റ്റിലായ പെൺസുഹൃത്ത് അർപിത സർക്കാരുമായി ചേർന്ന് ഹമീം മൊണ്ഡൽ മന്ത്രി ഉമേഷ് റേയുടെ മകനെ ഹണിട്രാപ്പിൽ കുടുക്കാനും തട്ടിക്കൊണ്ടുപോകാനും ഗൂഢാലോചന നടത്തിയതായി എസ്ടിഎഫ് കണ്ടെത്തി. വിവരങ്ങൾ ശേഖരിച്ച് ഹമീമിന് കൈമാറാനായി അർപിത രാഷ്ട്രീയ നേതാക്കളടക്കമുള്ള പല പ്രമുഖരെയും ഹണിട്രാപ്പിൽ പെടുത്തിയതായും എസ്ടിഎഫ് പറഞ്ഞു. ഇവരുടെ വാട്സ്ആപ്പ് ചാറ്റിൽനിന്ന് പാകിസ്ഥാൻ ബന്ധം വെളിപ്പെട്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ഷെഹ്സാദ് ഭട്ടിയുടെ സംഘവുമായി ബന്ധമുള്ള ഹാൻഡ്ലർമാരുമായി ചേർന്നാണ് പിടിയിലായ ഇരുവരും പ്രവർത്തിച്ചുവന്നതെന്നാണ് എസ്ടിഎഫിൻ്റെ കണ്ടെത്തൽ. ഇവരുടെ പക്കൽനിന്ന് യുകെയും മെക്സിക്കോയും നൽകുന്ന ഇൻ്റർനാഷണൽ സിം കാർഡുകളും എസ്ടിഎഫ് കണ്ടെടുത്തു. ഹാൻഡ്ലർമാർ, സ്ലീപ്പർ സെല്ലുകൾ എന്നിവരുമായി ബന്ധപ്പെടാൻ ഈ സിം കാർഡുകൾ ഉപയോഗിച്ചിരുന്നതായാണ് അന്വേഷണ സംഘം കരുതുന്നത്. ഇൻസ്റ്റഗ്രാമിലുടെ പരിചിതരായ ഹമീം മൊണ്ഡലും അർപിത സർക്കാരും തമ്മിൽ നാലുവർഷമായി ബന്ധമുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മഴ നിലച്ചാൽ വെള്ളം നൽകുന്നത് നിർത്തും, കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കത്തിൽ ശാശ്വത പരിഹാരം വേണമെന്ന് കർണാടകം
'പ്രധാനമന്ത്രി മകൾക്ക് പുതുജീവിതം നൽകി, ക്ഷമിക്കാനുള്ള തീരുമാനം മഹത്തരം'; നന്ദിയറിയിച്ച് മോദിയെ അധിക്ഷേപിച്ച പെൺകുട്ടിയുടെ അമ്മ