ഗുരുഗ്രാമിലെ ടെക് ഹബ്ബിൽ ജോലിചെയ്യുന്ന സോഫ്റ്റ് വെയർ എൻജിനീയർമാർ, ഡേറ്റ സയന്റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ തുടങ്ങിയവരെ പുതിയ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഏകദേശം 700-ഓളം ജീവനക്കാരാണ് ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിൽ ജോലിചെയ്യുന്നത്. ഇവരിൽ 350-ഓളം പേരെ നടപടി ബാധിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
ന്യൂഡൽഹി: പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡായ അഡിഡാസ് ഇന്ത്യയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിലാണ് കൂട്ടപിരിച്ചുവിടൽ. ടെക് ഹബ്ബിലെ 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലെ ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത് അഡിഡാസും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, എത്രത്തോളം ജീവനക്കാരെ പിരിച്ചുവിടൽ ബാധിക്കുമെന്ന് കമ്പനി ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.
ഗുരുഗ്രാമിലെ ടെക് ഹബ്ബിൽ ജോലിചെയ്യുന്ന സോഫ്റ്റ് വെയർ എൻജിനീയർമാർ, ഡേറ്റ സയന്റിസ്റ്റുകൾ, ഡേറ്റ എൻജിനീയർമാർ തുടങ്ങിയവരെ പുതിയ തീരുമാനം ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഏകദേശം 700-ഓളം ജീവനക്കാരാണ് ഗുരുഗ്രാമിലെ അഡിഡാസ് ഇന്ത്യ ടെക് ഹബ്ബിൽ ജോലിചെയ്യുന്നത്. ഇവരിൽ 350-ഓളം പേരെ നടപടി ബാധിക്കുമെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
സെപ്റ്റംബർ 15-ന് നടന്ന ടൗൺഹാൾ യോഗത്തിലാണ് ജോലിക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം കമ്പനി ജീവനക്കാരെ അറിയിച്ചത്. തുടർന്ന് ചില ജീവനക്കാർക്ക് അന്നേദിവസം തന്നെ പിരിച്ചുവിടൽ നോട്ടീസ് നൽകി. മറ്റുചിലരോട് ഡിസംബർ വരെ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സഹപ്രവർത്തകർക്ക് ചുമതലകൾ കൈമാറാനും കമ്പനിയിലെ തന്നെ മറ്റു തസ്തികകളിലേക്ക് അപേക്ഷിക്കാനുമാണ് ഇവരോട് ഡിസംബർ വരെ തുടരാൻ ആവശ്യപ്പെട്ടിരിക്കുന്നത്. നിശ്ചിത സമയത്തിനകം മറ്റു തസ്തികകളിൽ ജോലി ലഭിക്കാത്തവരുടെ അവസാന പ്രവൃത്തിദിനം ഡിസംബർ 15 ആയിരിക്കുമെന്നും കമ്പനി വ്യക്തമാക്കി. അതേസമയം, പിരിച്ചുവിടൽ സമയത്ത് ജീവനക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് കമ്പനി വ്യക്തത നൽകിയിട്ടില്ല.
ഇന്ത്യയിലെ ചില തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള പ്രയാസമേറിയ തീരുമാനം എടുക്കേണ്ടിവന്നെന്നായിരുന്നു ഇതേക്കുറിച്ച് അഡിഡാസിന്റെ പ്രതികരണം. ബിസിനസിലെയും സാങ്കേതികവിദ്യയിലെയും മാറ്റങ്ങൾക്കനുസരിച്ച് പ്രവർത്തനങ്ങൾ ലളിതമാക്കാനും ദീർഘകാല വിജയത്തിനായി കമ്പനിയെ സജ്ജമാക്കാനുമാണ് ഈ നടപടിയെന്നും അഡിഡാസ് വ്യക്തമാക്കി. സഹപ്രവർത്തകർ നൽകിയ സംഭാവനകൾക്ക് കമ്പനി അങ്ങേയറ്റത്തെ നന്ദി അറിയിക്കുന്നു. മാറ്റങ്ങൾ ബാധിക്കുന്ന ജീവനക്കാർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നും അഡിഡാസ് അറിയിച്ചു.
പ്രാദേശിക മാർക്കറ്റിങ് വിഭാഗത്തിനൊപ്പം അഡിഡാസിന്റെ ഗ്ലോബൽ ടെക് ഹബ്ബും ഗുരുഗ്രാമിലെ ഓഫീസിൽ പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ അഡിഡാസ് വിപുലീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി 2024-ൽ ചെന്നൈയിൽ ഗ്ലോബൽ ബിസിനസ് സർവീസ് സെന്റർ സ്ഥാപിക്കുകയുംചെയ്തു.


