
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബാരൂയിപൂരിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പ്രഭാഷ് മണ്ഡലിനെ പൊലീസ് വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച പുലർച്ചെ തെളിവെടുപ്പിനായി കുറ്റകൃത്യം നടന്ന സ്ഥലത്ത് എത്തിച്ചപ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. പൊലീസിന്‍റെ കൈവശം നിന്നും തോക്ക് തട്ടിപ്പറിച്ച് വെടിവെച്ച് ഓടാൻ ശ്രമിച്ച പ്രതിയെ പ്രതിരോധത്തിന്‍റെ ഭാഗമായി പൊലീസ് തിരികെ വെടിവെക്കുകയായിരുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
പൊലീസ് സംഘം പുലർച്ചെ 12.45ഓടെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപൂർ ഹാട്ട് പ്രദേശത്തേക്ക് പ്രതിയുമായി തെളിവെടുപ്പിന് എത്തിയത്. എന്നാൽ നടപടികൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രഭാഷ് മണ്ഡൽ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ സർവീസ് റിവോൾവർ തട്ടിയെടുക്കുകയും പൊലീസ് സംഘത്തിന് നേരെ ഒരു റൗണ്ട് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിൽ പ്രതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ ബാരൂയിപൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ജൂലൈ നാലിന് കാണാതായ പെൺകുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം ചാക്കിൽ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് വലിയ രീതിയിലുള്ള ജനരോഷവും അക്രമസംഭവങ്ങളുമാണ് പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ടത്.
പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രകോപിതരായ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും പൊലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്തിരുന്നു. ഈ അക്രമങ്ങൾക്കിടയിൽ, കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് മണ്ഡൽ എന്ന യുവാവിനെ പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. എന്നാൽ ഇന്ദ്രജിത് മണ്ഡൽ തികച്ചും നിരപരാധിയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
സംഭവത്തിൽ പൊതുജനരോഷം ശക്തമായ പശ്ചാത്തലത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നേരിട്ട് ഇടപെട്ടു. കേസിന്‍റെ വിശദമായ റിപ്പോർട്ട് 72 മണിക്കൂറിനകം സമർപ്പിക്കാൻ അദ്ദേഹം പൊലീസ് ഡയറക്ടർ ജനറൽ സിദ്ധനാഥ് ഗുപ്തയ്ക്ക് കർശന നിർദ്ദേശം നൽകി. കേസ് രജിസ്റ്റർ ചെയ്യുന്നതിലോ അന്വേഷണത്തിലോ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഒരു ശതമാനം പോലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പൊതുമുതൽ നശിപ്പിച്ച 200-ഓളം അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിരപരാധിയായ യുവാവിനെ തല്ലിക്കൊന്നവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സൂര്യപൂരിൽ പുതിയ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുമെന്നും ഇരകളുടെ കുടുംബങ്ങൾക്ക് ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി ഉറപ്പുനൽകി. കേസ് അന്വേഷണത്തിനായി നിലവിൽ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam