
ദില്ലി: ദില്ലിയിലെ സിബിസിഐ ആസ്ഥാനത്തിന് മുന്നിൽ പൊലീസ് കാവൽ ഏർപ്പെടുത്തി. നാളെ ദളിത് ക്രൈസ്തവർക്ക് സംവരണം ആവശ്യപ്പെട്ട് നടക്കാനിരിക്കുന്ന പരിപാടിക്ക് മുന്നോടിയായാണ് പൊലീസ് കാവൽ. മുൻകൂട്ടി അറിയിപ്പില്ലാതെയാണ് പൊലീസ് കാവലെന്ന് സിബിസിഐ ഡെപ്യൂട്ടി സെകട്ടറി ഫാദർ മാത്യു കോയ്ക്കൽ കുറ്റപ്പെടുത്തി. നാളെ നടക്കുന്ന പരിപാടിക്ക് ദില്ലി പൊലീസിനോട് അനുമതി തേടി കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെയോടെ ഒരു സംഘം പൊലീസുകാരെത്തി സിബിസിഐ ആസ്ഥാനത്തിന് മുന്നിൽ നിലയുറപ്പിച്ചത്.
രാജ്യത്ത് ക്രിസ്‌തുമതം സ്വീകരിച്ച ദളിതർക്ക് എസ്‌സി വിഭാഗക്കാർക്കുള്ള ആനുകൂല്യങ്ങൾ നൽകണമെന്നാണ് ആവശ്യം. 2022-ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച കമ്മീഷനാണ് ദളിത് ക്രൈസ്തവര്‍ക്ക് ഷെഡ്യൂ ള്‍ഡ് കാസ്റ്റ് പരിഗണന നല്‍കുന്നതിനെക്കുറിച്ചും അതിന്റെ പരിണിതഫലങ്ങളെക്കുറിച്ചും പഠിച്ചത്. രാജ്യത്ത് ബുദ്ധിസം, സിഖ്, ക്രിസ്തു, ഇസ്ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ദളിതർക്ക് മതങ്ങളിൽ ജാതിവ്യവസ്ഥ ഇല്ലെന്നതിനാൽ സംവരണം നിഷേധിക്കുന്നതിലാണ് പരാതി. ബുദ്ധ, സിഖ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർക്ക് സംവരണം ലഭിക്കുമ്പോൾ ദളിത് ക്രൈസ്‌തവർക്ക് ആനുകൂല്യം നിഷേധിക്കുന്നതായാണ് പരാതി. രാജ്യത്തുള്ള ക്രൈസ്‌തവരിൽ ബഹുഭൂരിപക്ഷവും ദളിത് സമൂഹങ്ങളിൽ നിന്ന് പരിവർത്തനം ചെയ്തവരാണെന്നതാണ് സംവരണം ശക്തമായി ആവശ്യപ്പെടാനുള്ള തീരുമാനത്തിലേക്ക് സിബിസിഐയെ എത്തിച്ചത്.