
ബെംഗളൂരു: ബലാത്സംഗ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണയുടെ ജയിൽ ജീവിതം തുടങ്ങി. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ 15528 നമ്പർ തടവുകാരനായ ഇദ്ദേഹത്തെ കുറ്റവാളികളെ പാർപ്പിക്കുന്ന ബാരക്കിലെ സെല്ലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 33 വയസുകാരനായ മുൻ എംപിയെ മൈസുരുവിലെ വീട്ടിലെ ഗാർഹിക തൊഴിലാളിയായിരുന്ന 47കാരിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിലാണ് ശിക്ഷിച്ചത്. 11 ലക്ഷം രൂപ പിഴ അതിജീവിതയ്ക്ക് നൽകാനും കോടതി വിധിച്ചിട്ടുണ്ട്.
ജയിലിൽ വെള്ള നിറത്തിലുള്ള യൂണിഫോമാണ് പ്രജ്ജ്വൽ രേവണ്ണ ധരിക്കേണ്ടത്. ദിവസവും എട്ട് മണിക്കൂർ നിർബന്ധമായി ചെയ്യേണ്ട ജോലികളുമുണ്ട്. മറ്റേത് തടവുപുള്ളിക്കും ലഭിക്കുന്ന പരിഗണന മാത്രമേ പ്രജ്ജ്വൽ രേവണ്ണയ്ക്കും ലഭിക്കൂവെന്നാണ് ജയിലധികൃതർ പറയുന്നത്.
ജയിലിൽ അടുക്കള, ഗാർഡനിങ്, തൊഴുത്ത്, പച്ചക്കറി കൃഷി, ആശാരിപ്പണി, കരകൗശല വസ്തു നിർമ്മാണം തുടങ്ങി ഏതെങ്കിലും ഒരു പ്രജ്ജ്വൽ രേവണ്ണ തെരഞ്ഞെടുക്കേണ്ടതുണ്ട്. ദിവസം എട്ട് മണിക്കൂർ വീതം ജോലി ചെയ്യുന്നതിന് മാസം 524 രൂപയാണ് ഇയാൾക്ക് ശമ്പളം ലഭിക്കുക. ചെയ്യുന്ന ജോലിയിൽ പ്രാഗത്ഭ്യം തെളിയിക്കുന്നതിന് അനുസരിച്ച് വേതനത്തിൽ വർധനവുണ്ടാകും.
പീഡനത്തിൻ്റെ ദൃശ്യങ്ങൾ മോർഫ് ചെയ്തതെന്നായിരുന്നു പ്രജ്ജ്വൽ രേവണ്ണ കോടതിയിൽ വാദിച്ചത്. എന്നാൽ ഡിജിറ്റൽ ഫോറൻസിക് പരിശോധനാ ഫലവും സാക്ഷി മൊഴിയും അതിജീവിതയുടെ മൊഴിയും ദൃശ്യങ്ങൾ യഥാർത്ഥമെന്ന വാദത്തെ ശരിവച്ചു. 2024 ഡിസംബർ 31 ന് ആരംഭിച്ച കുറ്റവിചാരണയിൽ 23 സാക്ഷികളെയാണ് വിസ്തരിച്ചത്.
പീഡിപ്പിക്കപ്പെട്ട ദിവസം താൻ ധരിച്ച സാരി അതിജീവിത സൂക്ഷിച്ച് വച്ചത് കേസിൽ നിർണായകമായി. ഇത് അന്വേഷണത്തിൻ്റെ ഘട്ടത്തിൽ പൊലീസിന് കൈമാറുകയും ഇതിൻ്റെ ഡിഎൻഎ പരിശോധനാ ഫലം പ്രജ്ജ്വലിന് തിരിച്ചടിയാവുകയും ചെയ്തു. 123 ഓളം തെളിവുകളാണ് കോടതിയിൽ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ചത്. 2000 ത്തോളം പേജുള്ളതായിരുന്നു കുറ്റപത്രം. ഐപിസി സെക്ഷൻ 376(2)(K), 376(2)(n), 354(A), 354(B), 354(C) എന്നിവ പ്രകാരം പ്രതി കുറ്റവാളിയാണെന്ന് കോടതി വിധിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam