
കോഴിക്കോട്: കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിത്തുടങ്ങി. വടകര ആർ ടി ഒ ഇന്നലെ വിളിച്ചു ചേർത്ത യോഗത്തെ തുടർന്ന് യുവജന സംഘടനകൾ പ്രതിഷേധം അവസാനിപ്പിച്ചതോടെയാണ് ഇന്ന് പുലർച്ചെ മുതൽ ബസുകൾ ഓടി തുടങ്ങിയത്. ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ റണ്ണിങ് ടൈം നീട്ടി നൽകാനും ജീവനക്കാർക്ക് പരിശീലനം നൽകാനും ഇന്നലെ ചേർന്ന യോഗം തീരുമാനമെടുത്തു. പേരാമ്പ്ര, ഉള്ളിയേരി ബസ് സ്റ്റാൻഡുകളിൽ ബസുകൾക്ക് പഞ്ചിങ് ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
പേരാമ്പ്രയിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസിടിച്ച് വിദ്യാർത്ഥി മരിച്ചതോടെയാണ് യുവജന സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ജവാദ് എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റൊരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹനത്തില്‍ വരികയായിരുന്ന ജവാദിനെ ഇടിച്ചിട്ടു. ബസിന്റെ ടയര്‍ കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്. തുടർന്ന് വിദ്യാര്‍ഥി സംഘടനകളും യുവജന സംഘടനകളും ബസ് തടഞ്ഞ് സമരം നടത്തി.
അണപൊട്ടി പ്രതിഷേധം
വിദ്യാർത്ഥിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ നാല് ദിവസമായി വിവിധ വിദ്യാർത്ഥി - യുവജന സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കുറ്റ്യാടി –കോഴിക്കോട് റൂട്ടിൽ സർവീസ് നടത്താൻ എത്തിയ സ്വകാര്യ ബസ് പേരാമ്പ്ര ടൗണിൽ തടഞ്ഞു. പൊലീസ് എത്തി ബസ് തടഞ്ഞവരെ മാറ്റി. പിന്നീട് പ്രവർത്തകർ ടൗണിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. ആർടിഒ ഓഫിസിലേക്ക് പ്രകടനമായി എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കവാടത്തിൽ പൊലീസ് തടയാൻ ശ്രമിച്ചതോടെ മതിൽ ചാടി കടന്ന് ആർടിഒയുടെ മുറിയിൽ എത്തി കസേരയിൽ വാഴ വച്ച് പ്രതിഷേധിച്ചു.
എസ്എഫ്ഐ പ്രവർത്തകരും ആർടിഒ ഓഫിസ് ഉപരോധിച്ചു. എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങിയപ്പോൾ സിപിഎം, ഡിവൈഎഫ്ഐ നേതാക്കൾ എത്തി തടഞ്ഞു. ബസ് സ്റ്റാൻഡ് പരിസരത്തു നിന്ന് ആരംഭിച്ച യൂത്ത് ലീഗ് പ്രകടനം ആർടിഒ ഓഫിസ് പരിസരത്ത് എത്തിയതോടെ സമരത്തിന്റെ ഗതി മാറി. യൂത്ത് ലീഗ് മാർച്ച് പൊലീസ് തടയാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ മതിൽ ചാടിക്കടന്നു. ബിജെപി മാർച്ച് പൊലീസ് തടഞ്ഞതോടെ സംഘർഷമുണ്ടായി. പിന്നാലെ നടന്ന ചർച്ചയിലാണ് പ്രതിഷേധം അവസാനിപ്പിക്കാൻ യുവജന, വിദ്യാർത്ഥി സംഘടനകൾ തീരുമാനിച്ചത്.