
ചണ്ഡിഗഡ്: ഭാര്യ കൊല്ലപ്പെട്ട് നാല് വർഷത്തിന് ശേഷം പ്രൊഫസറായ ഭർത്താവ് പിടിയിലായി. പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ബി ബി ഗോയലിനെ ചണ്ഡീഗഡ് പൊലീസ് തിങ്കളാഴ്ചയാണ് അറസ്റ്റ് ചെയ്തത്. തുടക്കം മുതൽ തന്നെ പ്രൊഫസറാണ് കൊലപാതകിയെന്ന് പൊലീസ് സംശയിച്ചിരുന്നു. എന്നാൽ തെളിവുകളൊന്നും ലഭിച്ചില്ല. ബ്രെയിൻ ഇലക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിംഗ് ഉൾപ്പെടെയുള്ള ഫോറൻസിക്, മനഃശാസ്ത്ര പരിശോധനകൾക്ക് ശേഷമാണ് അറസ്റ്റ്.
2021 നവംബർ 4 ന് ദീപാവലി ദിനത്തിലാണ് സീമ ഗോയലിനെ (60) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബി ബി ഗോയലിന്‍റെ യൂണിവേഴ്സിറ്റിയിലെ വസതിയിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. കൈകളും കാലുകളും തുണികൊണ്ട് കെട്ടിയ നിലയിലായിരുന്നു. ശ്വാസം മുട്ടിച്ചാണ് കൊന്നതെന്ന് പോസ്റ്റ്‌മോർട്ടത്തിൽ സ്ഥിരീകരിച്ചു. ആരെങ്കിലും വീട്ടിൽ വന്നതിന്‍റെയോ കവർച്ച നടത്തിയതിന്‍റെയോ ലക്ഷണങ്ങളൊന്നുമില്ല.
ചണ്ഡീഗഡ് പോലീസ് അന്വേഷിച്ച ഏറ്റവും ദുരൂഹമായ കേസുകളിൽ ഒന്നാണിത്. വിരലടയാളങ്ങൾ കണ്ടെത്താനായില്ല. ഡിഎൻഎ പരിശോധനയിലും ഒരു തുമ്പും ലഭിച്ചില്ല. ആയുധമൊന്നും കണ്ടെത്താനായില്ല. സിസിടിവിയിൽ പുറത്തുനിന്നുള്ള ആരെയും കണ്ടെത്താനായില്ല. സീമ ഗോയലിന്‍റെ മൊബൈൽ ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.
കൊലപാതകം നടന്ന രാത്രി താനും ഭാര്യയും വെവ്വേറെ മുറികളിലാണ് ഉറങ്ങിയിരുന്നതെന്ന് ബി ബി ഗോയൽ പൊലീസിനോട് പറഞ്ഞു. പിറ്റേന്ന് രാവിലെ പ്രധാന വാതിൽ പുറത്തു നിന്ന് പൂട്ടിയ നിലയിൽ കണ്ടെത്തിയെന്നും പ്രൊഫസർ പറഞ്ഞു. ഭാര്യയെ മുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെന്നും മൊഴി നൽകി. പൊലീസ് ഈ മൊഴി പൂർണ്ണമായി വിശ്വാസത്തിലെടുത്തില്ല. മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റിയിട്ടും പൊലീസിനെ അറിയിക്കാതിരുന്നതും സംശയത്തിനിടയാക്കി.
ദമ്പതികളുടെ ഏക മകൾ സംഭവം നടന്ന ദിവസം അവിടെയുണ്ടായിരുന്നില്ല. കൊലപാതകത്തിന് ഒരു ദിവസം മുമ്പ് മാതാപിതാക്കൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായതായി മകളുടെ പോളിഗ്രാഫ് ടെസ്റ്റിൽ നിന്ന് മനസ്സിലായി. ദമ്പതികൾ തമ്മിൽ തർക്കമുണ്ടായിരുന്നതായി സീമയുടെ സഹോദരൻ ദീപ് മൊഴി നൽകിയിരുന്നു. ബി ബി ഗോയലിനെ സംശയമുള്ളതായി പൊലീസിനോട് പറഞ്ഞു.
അന്വേഷണത്തിന്റെ മെല്ലെപ്പോക്കിൽ അതൃപ്തി പ്രകടിപ്പിച്ച അദ്ദേഹം പഞ്ചാബ് - ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം വേഗത്തിലാക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചു. ഫോറൻസിക് പരിശോധനയിൽ നിർണായകമായ ഒന്നും കണ്ടെത്താനാകാത്തതിനാൽ മനശാസ്ത്രപരമായ പരിശോധനകൾ നടത്താൻ പൊലീസ് തീരുമാനിച്ചു. ഗോയലിന്റെയും മകളുടെയും പോളിഗ്രാഫ് പരിശോധനകൾ, ഗോയലിന്റെ ബ്രെയിൻ മാപ്പിംഗ് പരിശോധന എന്നിവയുൾപ്പെടെ തലച്ചോറിനെ അടിസ്ഥാനമാക്കിയുള്ള പരിശോധനകളിലേക്ക് പൊലീസ് തിരിഞ്ഞു. ബ്രെയിൻ മാപ്പിങിൽ ഗോയലിന്‍റെ മസ്തിഷ്കം കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തിരിച്ചറിഞ്ഞ് പ്രതികരിച്ചു എന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നതുവരെ ഗോയൽ യൂണിവേഴ്സിറ്റിയിൽ തുടർന്നു. 48 മണിക്കൂറിനുള്ളിൽ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്യുമെന്നും കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ സേവനം അവസാനിപ്പിക്കുമെന്നും പഞ്ചാബ് സർവകലാശാല അധികൃതർ സ്ഥിരീകരിച്ചു.കൊലപാതകത്തിന് കാരണം കണ്ടെത്താൻ പ്രൊഫസറെ വിശദമായി ചോദ്യംചെയ്യുമെന്ന് പൊലീസ് പറഞ്ഞു.