
ദില്ലി: മുസ്ലിം അസിസ്റ്റന്‍റ് പ്രൊഫസറെ സംസ്കൃത വിഭാഗത്തില്‍ നിയമിച്ചതില്‍ പ്രതിഷേധിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ഥികകള്‍ ആരംഭിച്ച സമരം തുടരുന്നു. നവംബര്‍ ഏഴിനാണ് സമരം തുടങ്ങിയത്. സംസ്കൃത ഡിപ്പാര്‍ട്ട്മെന്‍റില്‍ സംസ്കൃത് വിദ്യാ ധര്‍മ വിഗ്യാനില്‍ സാഹിത്യ വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രൊഫസറായി ഫിറോസ് ഖാനെ നിയമിച്ചതിനെതിരെയാണ് സമരം.
നിയമനത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍ വിസിക്ക് കത്തെഴുതിയിരുന്നു. സര്‍വകലാശാലയുടെ ഹൃദയമാണ് സംസ്കൃത അധ്യാപകരെന്ന് യൂണിവേഴ്സിറ്റി സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യ പറഞ്ഞിരുന്നതായി വിദ്യാര്‍ഥികള്‍ കത്തില്‍ സൂചിപ്പിച്ചു. സംസ്കൃത വിഭാഗത്തില്‍ മുസ്ലിം വിഭാഗത്തില്‍നിന്നുള്ള ആളെ അധ്യാപകനായി നിയമിച്ചതില്‍ ഗൂഢാലോചനയുണ്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
ഒരു മുസ്ലീമിന് ഒരിക്കലും ഞങ്ങളുടെ ധര്‍മം പഠിപ്പിക്കാനാകില്ലെന്ന് ഗവേഷക വിദ്യാര്‍ത്ഥിയായ ശുഭം തിവാരി പറഞ്ഞു. അതേസമയം, കഴിവ് നോക്കിയാണ് അധ്യാപകരെ നിയമിച്ചതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം. ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിലല്ല നിയമനം നടക്കുന്നത്.
സര്‍വകലാശാലയില്‍ എല്ലാവര്‍ക്കും തുല്യ അവകാശമാണെന്നും അധികൃതര്‍ വ്യക്തമാക്കി. അപേക്ഷിച്ച 29 പേരില്‍ നിന്ന് 10 പേരെയാണ് തസ്തികയിലേക്ക് അഭിമുഖം നടത്തിയത്. അതില്‍ ഒമ്പത് പേര്‍ അഭിമുഖത്തില്‍ പങ്കെടുത്തു. അതില്‍ ഫിറോസ് ഖാനാണ് ഏറ്റവും അര്‍ഹതയുണ്ടായിരുന്നതെന്നും പത്തില്‍ പത്ത് മാര്‍ക്കും അദ്ദേഹം നേടിയെന്നും സംസ്കൃതം വിഭാഗം അധ്യക്ഷന്‍ ഉമാകാന്ത് ചതുര്‍വേദി പറഞ്ഞു.
ഒരു മുസ്ലീം ആയതിനാല്‍ തനിക്ക് സംസ്കൃതം പഠിപ്പിക്കാനാകില്ലെന്ന് പറയുമ്പോള്‍ ഏറെ അപമാനപ്പെട്ടുവെന്ന് ഫിറോസ് ഖാന്‍ പറഞ്ഞു. താന്‍ ജയ്പൂരില്‍ പഠനത്തിനായി ചേര്‍ന്നപ്പോള്‍ ബാച്ചിലെ ഏക മുസ്ലീമായിരുന്നു. എന്നാല്‍, ഒരിക്കലും അങ്ങനെ മുസ്ലീം തോന്നല്‍ തനിക്കുണ്ടായിട്ടില്ല. എന്നാല്‍, ഇപ്പോള്‍ കടുത്ത വിവേചനമാണ് നേരിടേണ്ടി വരുന്നത്. ഒരു മുസ്ലീമിനെ സംസ്കൃതം വിഭാഗത്തില്‍ നിയമിക്കാന്‍ പറ്റില്ലെന്നുണ്ടെങ്കില്‍ അത് പരസ്യം നല്‍കിയപ്പോള്‍ വ്യക്തമാക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam