
മുംബൈ: സിപിഎമ്മിനെ രൂക്ഷമായി വിമർശിച്ച് ബോംബെ ഹൈക്കോടതി. ഇന്ത്യയിലെ ജനങ്ങളുടെ വിഷയങ്ങളിൽ പ്രതിഷേധിച്ചാൽ പോരെയെന്നാണ് കോടതി ചോദിച്ചത്. ആയിരക്കണക്കിന് മൈൽ അകലെയുള്ള പലസ്തീനിലെ പ്രശ്നത്തിൽ പ്രതിഷേധം എന്തിനെന്നുമാണ് കോടതിയുടെ ചോദ്യം. ഇന്ത്യയിലെ മാലിന്യ സംസ്ക്കരണം, മലിനീകരണം, വെള്ളക്കെട്ട് തുടങ്ങിയ പ്രശ്നങ്ങൾ ഏറ്റെടുത്തുകൂടെയെന്നും കോടതി ചോദിച്ചു.
പലസ്തീൻ അനുകൂല പ്രകടനത്തിന് അനുമതി തേടിയപ്പോഴാണ് കോടതിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയുള്ള പരാമർശങ്ങൾ ഉണ്ടായത്. മുംബൈ പൊലീസ് അനുമതിനിഷേധിച്ചതിനെ തുടർന്നാണ് സിപിഎം കോടതിയിലെത്തിയത്
കോടതി പരാമർശത്തെ സിപിഎം പിബി അപലപിച്ച്. മഹാത്മ ഗാന്ധിയടക്കമുള്ള നേതാക്കൾ പലസ്തീൻ ജനതയെ പിന്തുണച്ചിരുന്നുവെന്നും പിബി ചൂണ്ടിക്കാട്ടി. ഒരു രാഷ്ട്രീയ പാർട്ടിയുടെ അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനാ വ്യവസ്ഥകളെക്കുറിച്ചോ രാജ്യത്തിന്‍റെ ചരിത്രത്തെക്കുറിച്ചോ പലസ്തീനികളോടും അവരുടെ ന്യായമായ സ്വയം നിർണ്ണയാവകാശത്തോടുമുള്ള ജനങ്ങളുടെ ഐക്യദാർഢ്യത്തെക്കുറിച്ചോ കോടതി ബെഞ്ചിന് ധാരണയില്ല എന്നത് വിരോധാഭാസമാണ്. കേന്ദ്ര സർക്കാരിന്‍റെ നിലപാടുകൾക്ക് അനുസരിച്ചുള്ള വ്യക്തമായ രാഷ്ട്രീയ പക്ഷപാതം ഈ നിരീക്ഷണങ്ങളിൽ പ്രകടമാണെന്നും പിബി പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേലി നടപടികൾക്കെതിരെ ആഗോളതലത്തിൽ ഉയരുന്ന ഏകകണ്ഠമായ അപലപങ്ങളെക്കുറിച്ചും യുഎൻ ബോഡികളുടെയും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെയും നിലപാടുകളെക്കുറിച്ചും ബെഞ്ചിന് ധാരണയില്ല എന്നും ഇത് വ്യക്തമാക്കുന്നു. ഇത്തരത്തിലുള്ള സമീപനത്തെ തള്ളിക്കളയാൻ സ്വാതന്ത്ര്യത്തെയും ജനാധിപത്യത്തെയും സ്നേഹിക്കുന്ന രാജ്യത്തെ ജനങ്ങൾ അണിചേരണമെന്നും സിപിഎം ആഹ്വാനം ചെയ്തു.