
ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. പ്രധാനമന്ത്രിയുടെ സന്ദർശന വേളയിൽ തോരണങ്ങൾ നശിപ്പിച്ചവരെ അറസ്റ്റ് ചെയ്തതാണ് സംഘർഷത്തിന് ഇടയാക്കിയത്. സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടന്നു. ചുരാചന്ദ്പൂരിലാണ് സംഘർഷമുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണിപ്പൂർ സന്ദർശനം വലിയ പ്രശ്നങ്ങളില്ലാതെ പൂർത്തിയാക്കാൻ കഴിഞ്ഞെങ്കിലും തൊട്ടടുത്ത ദിവസം തന്നെ ചുരാചന്ദ്പൂരിൽ സംഘർഷമുണ്ടായി. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ എതിർത്ത ചില കുക്കി സംഘടനകൾ ചുരാചന്ദ്പൂരിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബോർഡുകൾ നശിപ്പിച്ചിരുന്നു. ഈ സംഭവത്തിൽ മൂന്നു പേരെ സന്ദർശനത്തിന് മുമ്പ് അറസ്റ്റു ചെയ്തു. കൂടുതൽ പേരെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തു. ഇതിൽ പ്രതിഷേധിച്ച് ആദ്യം ഒരു സംഘം യുവാക്കൾ ജനഗണമന പാടി സുരക്ഷ വാഹനത്തിനടുത്ത് പ്രതിഷേധിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബാരിക്കേടുകൾ തള്ളി മാറ്റിയും സുരക്ഷാ വാഹനങ്ങളിൽ പിടിച്ചു കയറിയും ബഹളം വച്ചു. ചിലർ സേനയ്കക്കു നേരം കല്ലെറിയുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.
രണ്ടു പക്ഷത്തെയും ക്യാംപുകളിൽ കഴിയുന്നവരെ പ്രധാനമന്ത്രി ഇന്നലെ കണ്ടിരുന്നു. എന്നാൽ പ്രത്യേക കേന്ദ്ര ഭരണപ്രദേശം വേണം എന്ന നിലപാടിൽ കുക്കി സംഘടനകൾ ഉറച്ചു നിൽക്കുകയാണ്. ക്യാംപുകളിൽ കഴിയുന്നവർക്ക് വീടു വച്ച് നല്കുമെന്നും ഇവരെ സഹായിക്കാൻ 500 കോടിയുടെ പാക്കേജ് നടപ്പാക്കുമെന്നും മോദി ഇന്നലെ പറഞ്ഞിരുന്നു. വാഗ്ദാനങ്ങൾക്ക് പകരം ക്യാംപുകളിൽ ഉള്ളവരുടെ മടക്കം ഉറപ്പാക്കുകയാണ് വേണ്ടതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ചില പദ്ധതികൾക്ക് തുടക്കമിട്ടെങ്കിലും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ മോദിക്കായില്ലെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഒക്രം ഇബോബി സിംഗ് കുറ്റപ്പെടുത്തി. മോദിയുടെ സന്ദർശനത്തിൻറെ തുടർനീക്കങ്ങൾ ഗവർണർ അജയ്കുമാർ ഭല്ല വൈകാതെ തുടങ്ങും എന്നാണ് കേന്ദ്രം നൽകുന്ന സൂചന.