
ഹൈദരബാദ്: അമ്മയുടെ വീട്ടിലേക്കെന്ന പേരിൽ 2 വയസുള്ള മകളുമായി 23കാരി പോയത് കാമുകനൊപ്പം. കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കാമുകനുമായുള്ള സ്വകാര്യ നിമിഷങ്ങൾക്കിടെ കല്ലുകടിയായതോടെ രണ്ട് വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊന്ന ശേഷം കുഴിച്ച് മൂടി അമ്മ. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് 23കാരിയേയും മകളേയും കാണാതായ സംഭവത്തിൽ നിർണായക കണ്ടെത്തലെത്തുന്നത്. തെലങ്കാനയിലെ മേദക് പൊലീസ് ആണ് 23കാരിയായ മംമ്ത കാമുകനും 30 കാരനുമായ ഷെയ്ഖ് ഫയാസ് എന്നിവരെ സംഭവത്തിൽ അറസ്റ്റ് ചെയ്തു. ജൂൺ 4നാണ് മംമ്തയും കാമുകനും ചേർന്ന് രണ്ട് വയസുകാരിയെ കൊലപ്പെടുത്തി ശിവംപേട്ട് മണ്ഡലിലെ ശാബാസ്പള്ളിയിൽ അഴുക്ക് ചാലിന് സമീപം കുഴിച്ച് മൂടിയത്. വെള്ളിയാഴ്ചയാണ് പൊലീസ് കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തത്.
മംമ്തയുടെ ഭർത്താവായ കോട്ല രാജു മെയ് 27നാണ് ഭാര്യയേയും മകളേയും കാണുന്നില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ ആവുന്നില്ലെന്നും കാണിച്ച് പൊലീസിൽ പരാതി നൽകിയത്. രണ്ട് മക്കളുമായി അമ്മ വീട്ടിലേക്ക് പോയ ഭാര്യയും മകളും തിരിച്ചെത്തിയില്ലെന്നും ഫോണിൽ വിളിച്ച് ലഭിക്കുന്നില്ലെന്നുമായിരുന്നു കോട്ല രാജു പരാതിയിൽ വിശദമാക്കിയത്. വീട്ടുകാരും പൊലീസും വലിയ രീതിയിൽ അന്വേഷിച്ചെങ്കിലും മംമ്തയുടെ ഫോൺ ട്രേസ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ സെപ്തംബർ ആദ്യ വാരത്തിൽ മംമ്തയെ വളരെ അപ്രതീക്ഷിതമായാണ് അന്ധ്രപ്രദേശിലെ നാരസരോപേട്ടിൽ വച്ച് പൊലീസ് ക്യാമറയിൽ കണ്ടെത്തുന്നത്. ഒപ്പമുണ്ടായിരുന്ന യുവാവിനെ കണ്ടെത്തിയ പൊലീസ് സെപ്തംബർ 11നാണ് മംമ്തയേയും കാമുകനേയും നാട്ടിലേക്ക് തിരിച്ചെത്തിച്ചത്.
ചോദ്യം ചെയ്യലിലാണ് മകളെ കൊലപ്പെടുത്തിയ കാര്യം പൊലീസിനോട് 23കാരി കുറ്റസമ്മതം നടത്തുന്നത്. രാത്രിയിൽ കുഞ്ഞ് കരഞ്ഞത് കാമുകനും തനിക്കും ബുദ്ധിമുട്ടായി തോന്നി. ഇതോടെയാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നാണ് യുവതി വിശദമാക്കിയിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam