Latest Videos

Punjab election : കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു; പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരന്‍ സ്വതന്ത്രനായി മത്സരിക്കും

By Web TeamFirst Published Jan 16, 2022, 6:38 PM IST
Highlights

ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് ടിക്കറ്റ് എന്ന മാനദണ്ഡത്തെ തുടര്‍ന്നാണ് ചന്നിയുടെ സഹോദരന് ടിക്കറ്റ് നിഷേധിച്ചത്.
 

ദില്ലി: കോണ്‍ഗ്രസ് (Congress) സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയുടെ (Charan Singh Channi)  സഹോദരന്‍ മനോഹര്‍ സിങ് (Manohar Singh) സ്വതന്ത്രനായി മത്സരിക്കും. ബസി പത്താന മണ്ഡലത്തിലാണ് താന്‍ മത്സരിക്കുകയെന്ന് അദ്ദേഹം അറിയിച്ചു. ഒരു കുടുംബത്തില്‍ നിന്ന് ഒരാള്‍ക്ക് ടിക്കറ്റ് എന്ന മാനദണ്ഡത്തെ തുടര്‍ന്നാണ് ചന്നിയുടെ സഹോദരന് ടിക്കറ്റ് നിഷേധിച്ചത്. വിഷയത്തില്‍ ചന്നി ഇതുവരെ പ്രതികരിച്ചിട്ടില്ല. ചന്നിക്കും കുടുംബത്തിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ് ബസി പത്താന. സിറ്റിങ് എംഎല്‍എ ഗുര്‍പ്രീത് സിങ്ങിനാണ് കോണ്‍ഗ്രസ് മണ്ഡലത്തില്‍ സീറ്റ് കൊടുത്തത്. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 86 അംഗ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി.

ഗുര്‍പ്രീത് സിങ്ങിന് സീറ്റ് കൊടുത്തതിനെ വിമര്‍ശിച്ച് മനോഹര്‍ സിങ് രംഗത്തെത്തി. ഗുര്‍പ്രീത് സിങ് കഴിവില്ലാത്തവാണെന്നും അദ്ദേഹത്തിന് സീറ്റ് കൊടുത്തത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി പ്രമുഖര്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തില്‍ മാറ്റമുണ്ടാകില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന് ഒറ്റഘട്ടമായി നടക്കും. മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍.
 

click me!