പരാതി ഉയര്‍ന്നപ്പോള്‍ വൃത്തിയില്ലാത്ത ആശുപത്രി കിടക്കയില്‍ ആരോഗ്യ സര്‍വകലാശാല വിസിയെ കിടത്തി പഞ്ചാബ് മന്ത്രി

Published : Jul 30, 2022, 11:25 AM IST
പരാതി ഉയര്‍ന്നപ്പോള്‍ വൃത്തിയില്ലാത്ത ആശുപത്രി കിടക്കയില്‍ ആരോഗ്യ സര്‍വകലാശാല വിസിയെ കിടത്തി പഞ്ചാബ് മന്ത്രി

Synopsis

ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലർ ഡോ.രാജ് ബഹാദൂറിനാണ് ആശുപത്രി വാര്‍ഡിലെ കിടക്കയില്‍ കിടക്കാന്‍ മന്ത്രി നിർദേശം നല്‍കിയത്. 

ചണ്ഡീഗഢ്: ആശുപത്രി വാർഡ് സന്ദര്‍ശിച്ച പഞ്ചാബ് ആരോഗ്യമന്ത്രി ആരോഗ്യ സര്‍വകലാശാല വിസിയെ ആശുപത്രി വാര്‍ഡിലെ കിടക്കയില്‍ കിടത്തി. ഫരീദ്കോട്ടിലെ ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് ആശുപത്രിയില്‍  പഞ്ചാബ് ആരോഗ്യമന്ത്രി ചേതൻ സിംഗ് ജൗരമജ്ര നടത്തിയ മിന്നല്‍ സന്ദര്‍ശനത്തിനിടെയാണ് സംഭവം. 

ആരോഗ്യ സര്‍വകലാശാല വൈസ് ചാൻസലർ ഡോ.രാജ് ബഹാദൂറിനാണ് ആശുപത്രി വാര്‍ഡിലെ കിടക്കയില്‍ കിടക്കാന്‍ മന്ത്രി നിർദേശം നല്‍കിയത്. ഇത് അദ്ദേഹം അനുസരിച്ചപ്പോള്‍ മന്ത്രിക്കൊപ്പം ഉള്ളവര്‍ ഇത് വീഡിയോ എടുക്കുന്നതും കാണാം.

"എല്ലാം നിങ്ങളുടെ കൈയിലാണ്, എല്ലാം നിങ്ങളുടെ കൈയിലാണ്," കട്ടിലിൽ നിന്ന് എഴുന്നേറ്റ ഉടൻ ഡോക്ടറോട് മന്ത്രി പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. മന്ത്രിക്കൊപ്പം ഉള്ള ചിലര്‍ വാര്‍ഡിലെ കിടക്കയില്‍ വിരിച്ച തുണി മാറ്റി കിടക്ക മോശമാണ് എന്ന് പറഞ്ഞപ്പോഴാണ് വിസിയോട് കിടക്കയില്‍ കിടക്കാന്‍ മന്ത്രി ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ട്. 

അതേ സമയം മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് എത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടിയുടെ നാടകങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല. ഇന്ന് ബാബ ഫരീദ് മെഡിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ രാജ് ബഹദൂർ സിംഗിനെ ആരോഗ്യമന്ത്രി ചേതൻ സിംഗ് ജൗരമജ്ര (പ്ലസ് ടു മാത്രം പാസായാള്‍) പരസ്യമായി അപമാനിച്ചു. ഇത്തരത്തിലുള്ള ആൾക്കൂട്ട പെരുമാറ്റം ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം കെടുത്തുകയേയുള്ളൂ. ," കോൺഗ്രസിന്റെ പർഗത് സിംഗ് ട്വീറ്റ് ചെയ്തു. മന്ത്രിയുടെ പെരുമാറ്റത്തിനെതിരെ ഐഎംഎയും രംഗത്ത് എത്തിയിട്ടുണ്ട്.

അതേ സമയം ആംആദ്മി മന്ത്രി ആശുപത്രിയിലെ രോഗികളുമായി സംസാരിക്കുകയും അവരുടെ പരാതികൾ കേൾക്കുകയും ചെയ്തതായി ആംആദ്മി പാര്‍ട്ടി പ്രതികരിച്ചു. 

മെയ് മാസത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അന്നത്തെ ആരോഗ്യമന്ത്രി വിജയ് സിംഗ്ലയെ അഴിമതി ആരോപണത്തിൽ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയിരുന്നു.

മധ്യപ്രദേശിൽ മലിനജലം കുടിച്ച് രണ്ട് പേര്‍ മരിച്ചു, 45 പേര്‍ ചികിത്സയിൽ

ഹരിദ്വാറിൽ കരസേനാ ജവാനെ കൻവാര്‍ യാത്ര സംഘം കൊലപ്പെടുത്തി; ആറുപേർ അറസ്റ്റിൽ

 

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം