
അമൃത്സർ: മകനും മകന്റെ സുഹൃത്തിനും എതിരെയുള്ള 50 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് ദിനേശ് ബാസിയെ അമൃത്സറിലെ സിവിൽ ലൈൻസ് പോലീസ് അറസ്റ്റ് ചെയ്തു. കേസിന്റെ തുടരന്വേഷണത്തിനായി ബാസിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ദിനേശ് ബാസി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും കേസിലെ സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചേക്കാമെന്നും രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് അറസ്റ്റിലേക്ക് കടന്നതെന്ന് പോലീസ് പറയുന്നു.
ഭാരതീയ ന്യായ് സുരക്ഷാ സംഹിതയിലെ സെക്ഷൻ 318(4), 61(2) എന്നിവ പ്രകാരമാണ് സിവിൽ ലൈൻസ് പോലീസ് ദിനേശ് ബാസിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇദ്ദേഹത്തിൻ്റെ അറസ്റ്റിന് പിന്നാലെ കോൺഗ്രസ് കൗൺസിലർമാരും പ്രവർത്തകരും സിവിൽ ലൈൻസ് പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു. വിവര ശേഖരണത്തിനായി മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ച ശേഷമാണ് ബാസിയെ കസ്റ്റഡിയിലെടുത്തതെന്ന് കോൺഗ്രസ് എം.പി ഗുർജീത് സിങ് ഔജ്‌ല ആരോപിച്ചു. അറസ്റ്റ് നടപടികളിൽ സുതാര്യതയും നിയമപരമായ നടപടിക്രമങ്ങളും പാലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എതിർശബ്ദങ്ങളെ അടിച്ചമർത്താനും പ്രതിപക്ഷത്തെ നിശബ്ദരാക്കാനും പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന് എം.പി കുറ്റപ്പെടുത്തി. സംഭവത്തിൽ കൃത്യമായ വിശദീകരണം നൽകാൻ അധികാരികൾ തയ്യാറാകണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കേസിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam