
ദില്ലി: രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരായ ലൈംഗികാരോപണങ്ങൾ ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബി ജെ പി. മറ്റൊരു കോൺഗ്രസ് നേതാവിനെതിരെ കൂടി ലൈംഗികാരോപണം ഉയർന്നിരിക്കുന്നു എന്ന് ബി ജെ പിയുടെ ഒഫിഷ്യൽ എക്സ് പേജിൽ കുറിച്ചു. രാഹുൽ ഗാന്ധിക്കൊപ്പമുള്ള രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ചിത്രം പങ്കുവച്ചാണ് ബി ജെ പിയുടെ പ്രചാരണം. രാഹുൽ ആൻഡ് രാഹുൽ എന്ന തലക്കെട്ടും ചിത്രത്തിന് നൽകിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയും കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനും എം എൽ എയുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയാണ് ആരോപണമെന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്‍റെ രാജ്യ ആവശ്യം പ്രതിപക്ഷ നേതാവടക്കമുള്ള സംസ്ഥാനത്തെ നേതാക്കൾ ഒന്നടങ്കം ആവശ്യപ്പെടുമ്പോഴും രാഹുലിന് പറയാനുള്ളത് കേട്ട ശേഷമാകാം തിരുമാനം എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. തനിക്ക് വിശദീകരിക്കാനുണ്ടെന്ന് പാർട്ടിയെ രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചിരുന്നു. രാഹുലിനെ കൂടി കേട്ട ശേഷമാകും രാജിയിൽ അന്തിമ തീരുമാനം സ്വീകരിക്കുകയെന്നാണ് വ്യക്തമാകുന്നത്. രാജിക്കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കില്ല. നീണ്ട ചർച്ചകൾ വേണ്ടിവരുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്.
കടുത്ത ആരോപണങ്ങള്‍ക്ക് പിന്നാലെ നേതാക്കൾ രാജി സൂചന നൽകുമ്പോഴും രാജിയില്ലെന്ന നിലപാടിൽ രാഹുൽ മാങ്കൂട്ടത്തിൽ തുടരുകയാണെന്നാണ് വിവരം. തന്നെ കുടുക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു എന്ന് സ്ഥാപിക്കാനാണ് രാഹുലിന്‍റെ നീക്കം. ആരോപണം ഉന്നയിച്ച ട്രാൻസ്ജണ്ടർ അവന്തിക ഈ മാസം ഒന്നിന് അയച്ച ചാറ്റും ശബ്ദരേഖയും പുറത്തുവിട്ടാണ് രാഹുൽ പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. അവന്തിക ആരോപണം ഉന്നയിക്കും മുമ്പ് തന്നെ വിളിച്ചു. മാധ്യമപ്രവർത്തകൻ വിളിച്ച ശബ്ദരേഖ അയച്ച് തന്നു. കുടുക്കാൻ ശ്രമമെന്ന് തന്നോട് പറഞ്ഞു എന്നും രാഹുൽ വിശദീകരിച്ചു. എന്നാൽ മാധ്യമ പ്രവര്‍ത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് രാഹുൽ മറുപടി നൽകിയില്ല. പ്രവത്തകർക്ക് താൻ കാരണം തല കുനിക്കേണ്ടി വരില്ലെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിനെതിരെ നടപടി വേണമോ വേണ്ടയോ എന്ന് കൂട്ടായി ആലോചിച്ച് എടുക്കേണ്ട തീരുമാനമെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പ്രതികരിച്ചു. രാഷ്ട്രീയകാര്യ സമിതി യോഗം കൂടി ആലോചിച്ച് എടുക്കേണ്ട തീരുമാനമാണ്. മുതിർന്ന നേതാക്കളുമായി സംസാരിച്ചിട്ടേ അന്തിമ തീരുമാനം എടുക്കുകയുള്ളു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് നടപടി എടുക്കില്ല. സി പി എമ്മും ബി ജെ പിയും ചെയ്യും പോലെ ഏകപക്ഷീയമായി തീരുമാനമെടുക്കില്ല. ചർച്ചചെയ്ത് തീരുമാനമെടുത്തിട്ട് എ ഐ സി സിയെ വിവരങ്ങൾ അറിയിക്കും. യു ഡി എഫിലെ ഘടകകക്ഷികൾ ആരും ഇതുവരെ ഈ വിഷയത്തിൽ എന്നെ ബന്ധപ്പെട്ടിട്ടില്ല എന്നും അടൂര്‍ പ്രകാശ് പ്രതികരിച്ചു.