
ദില്ലി: കൊവിഡ് 19 വ്യാപനം കൈകാര്യം ചെയ്യുന്ന കാര്യത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനങ്ങൾ സ്വന്തം ജീവിതം രക്ഷിക്കാൻ നോക്കൂ. പ്രധാനമന്ത്രി മയിലുകളുമായി തിരക്കിലാണ് എന്നാണ് പ്രധാനമന്ത്രി മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ പുതിയ ട്വീറ്റ്. ഇതിന് മുമ്പും കേന്ദ്രസർക്കാരിനെതിരെ രാഹുൽ ട്വീറ്റിലൂടെ രൂക്ഷവിമർശനമുന്നയിച്ചിരുന്നു.
'ഇന്ത്യയിലെ കൊവിഡ് കേസുകൾ ഈ ആഴ്ച അമ്പത് ലക്ഷം കടക്കും. സജീവ കേസുകളുടെ എണ്ണം പത്ത് ലക്ഷത്തിലധികമാകും. ഒരു വ്യക്തിയുടെ ഈഗോയുടെ ഫലമായിരുന്നു കൃത്യമായ ആസൂത്രണമില്ലാത്ത ലോക്ക് ഡൗൺ പ്രഖ്യാപനം. രാജ്യം മുഴുവൻ കൊവിഡ് പടർന്നു പിടിക്കാൻ കാരണമായത് അതാണ്. സ്വാശ്രയരാകുക (ആത്മനിർഭർ) എന്ന് മോദി സർക്കാർ പറഞ്ഞു. അതിനർത്ഥം ജനങ്ങൾ സ്വന്തം ജീവൻ സ്വയം രക്ഷിക്കുക എന്നാണ്. പ്രധാനമന്ത്രി മയിലുകൾക്കൊപ്പം തിരക്കിലാണ്.' രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മോദി പങ്കു വച്ച വീഡിയോയെക്കുറിച്ചും രാഹുൽ ഗാന്ധി പരാമർശിച്ചു. കഴിഞ്ഞ ദിവസമാണ് മയിലുകൾക്ക് ഭക്ഷണം കൊടുക്കുന്ന മോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചത്. സർക്കാരിന്റെ കൃത്യമില്ലാത്ത ആസൂത്രണമില്ലാത്ത ലോക്ക് ഡൗൺ പ്രഖ്യാപനം മൂലം നിരവധി പേർക്ക് തൊഴിലും ജീവനും നഷ്ടപ്പെട്ടതായി രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചിരുന്നു. ഓഗസ്റ്റ് 10 നകം കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിനപ്പുറം കടക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
രാഹുൽ ഗാന്ധിയുടെ ട്വീറ്റുകളിലൂടെയുള്ള വിമർശനങ്ങളെ പ്രകാശ് ജാവദേക്കർ പരഹസിച്ചിരുന്നു. രാഹുൽ ഗാന്ധി എല്ലാ ദിവസവും ട്വീറ്റ് ചെയ്യുകയാണ്. ഒന്നൊന്നായി നേതാക്കളെ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ കോൺഗ്രസ് ട്വീറ്റുകളുടെ പാർട്ടിയായി മാറുമെന്നാണ് തോന്നുന്നത്. നിരാശയിൽ സർക്കാരിനെതിരെ ഏത് വിധേനയുള്ള ആക്രമണവും നടത്താനാണ് പാർട്ടി ശ്രമിക്കുന്നത്. ജാവദേക്കർ പറഞ്ഞു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 48.46 ലക്ഷമായി ഉയർന്നു. ഇതുവരെ 79722 പേരാണ് കൊവിഡ് മൂലം മരിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam