
ദില്ലി: യുപിയിൽ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ദളിത് യുവാവിന്റെ കുടുംബം പ്രതിഷേധം അറിയിച്ചതിനിടെ രാഹുൽ ഗാന്ധിയുടെ നാടകീയ കൂടിക്കാഴ്ച്ച. രാഹുലിനെ കാണാൻ താൽപര്യമില്ലെന്ന് കുടുംബാംഗങ്ങൾ വിഡീയോ പുറത്തിറക്കിയെങ്കിലും മാതാപിതാക്കളെ സന്ദർശിച്ച വീഡിയോ രാഹുൽ പുറത്തുവിട്ടു. കുടുംബത്തെ ഭീഷണിപ്പെടുത്തി യോഗി സർക്കാർ കളിച്ച നാടകം പൊളിഞ്ഞെന്ന് രാഹുൽ പ്രതികരിച്ചു. ഒക്ടോബർ 2 നാണ് ഹരി ഓം വാൽമീകി എന്ന ദളിത് യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കോൺഗ്രസ്, സമാജ് വാദി പാർട്ടിയടക്കം പ്രതിപക്ഷ കക്ഷികൾ വലിയ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.
കുടുംബത്തെ സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു നാടകീയ രംഗങ്ങൾ. രാഹുൽ ഗാന്ധിയെ കാണേണ്ടെന്ന് കുടുംബം പറയുന്ന വീഡിയോ പിന്നാലെ പുറത്തുവന്നു. കുടുംബത്തിന് വേണ്ടതെല്ലാം യോഗി ആദിത്യനാഥ് സർക്കാർ ചെയ്യുന്നുണ്ടെന്നും വിഡിയോയിൽ പറഞ്ഞിരുന്നു. എന്നാൽ സന്ദർശനത്തിന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി രാഹുൽ ഇന്ന് ഫത്തേപൂരിൽ എത്തി. രാഹുൽ ഗാന്ധി ഗോ ബാക്ക് പോസ്റ്ററുകളും ഇതിനിടെ ഇവിടെ പ്രതൃക്ഷപ്പെട്ടു. ദളിതർക്കെതിരായ ആക്രമണങ്ങളിൽ കോൺഗ്രസ് ശബ്ദം ഉയർത്തും എന്ന് അറിയിച്ച രാഹുൽ ഗാന്ധി പ്രതിഷേധങ്ങൾക്കൊടുവിൽ കുടുംബത്തെ സന്ദർശിച്ചു. കുടുംബത്തിന് പറയാനുള്ളത് താൻ കേട്ടു. കുടുംബത്തിന് ആവശ്യമായതെല്ലാം കോൺഗ്രസ് പാർട്ടി ചെയ്യുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
കുടുംബത്തിന് പൊലീസിൽ നിന്നടക്കം ഭീഷണിയുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനോട് നീതി പാലിക്കണമെന്നും ഇവരുമായുള്ള ചിത്രങ്ങൾ പുറത്തുവിട്ട് രാഹുൽ എക്സിൽ കുറിച്ചു. രാഹുൽ തങ്ങളുടെ മിശിഹയാണെന്നും സന്ദർശനത്തിൽ സന്തോഷമെന്നും കുടുംബം പ്രതികരിച്ചു. കുടുംബത്തെ ഭീഷണിപ്പെടുത്തിയുള്ള യുപി സർക്കാർ നാടകം പൊളിഞ്ഞെന്നാണ് കോൺഗ്രസ് വിശദീകരണം. കേസിൽ ഇതുവരെ 14 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ വീഴ്ച് വരുത്തിയതിന് 5 പൊലീസുകാരെ സസ്പെൻഷൻ ചെയ്തിരുന്നു.