'ടോർച്ച് റാലി' പ്രതിഷേധ പരിപാടിക്കിടെയാണ് സ്റ്റേജ് തകർന്ന് നേതാക്കളും പ്രവർത്തകരും താഴെവീണത്. വേദി‌യിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ അവിടെ ഉണ്ടാ‌യിരുന്നതാണ് കാരണം.  

ദില്ലി: ഛത്തീസ്​ഗഡിലെ ബിലാസ്പുറിൽ കോൺ​ഗ്രസ് പരിപാടിക്കിടെ സ്റ്റേജ് തകർന്നുവീണു. രാഹുൽ ​ഗാന്ധിയെ ലോക്സഭാ അം​ഗത്വത്തിൽ നിന്ന് അയോ​ഗ്യനാക്കിയതിനെതിരെ സംഘടിപ്പിച്ച 'ടോർച്ച് റാലി' പ്രതിഷേധ പരിപാടിക്കിടെയാണ് സ്റ്റേജ് തകർന്ന് നേതാക്കളും പ്രവർത്തകരും താഴെവീണത്. വേദി‌യിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ അവിടെ ഉണ്ടാ‌യിരുന്നതാണ് കാരണം. 

പാർട്ടി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമാ‌യ മോഹൻ മാർക്കം അടക്കമുള്ളവരാണ് താഴെ വീണത്. ആർക്കും പരിക്ക് പറ്റി‌‌യിട്ടില്ലെന്ന് എഎൻഐ റിപ്പോർ‌ട്ട് ചെയ്തു. സ്റ്റേജ് തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പരിപാടിയില്‍ സ്റ്റേജും സദസ്സും ആളുകളെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു. പ്രതിഷേധ പരിപാടി പുരോഗമിക്കുന്നതിനിടെയാണ് സ്‌റ്റേജ് തകരുകയും ആളുകൾ നിലത്തേക്ക് വീഴുകയും ചെ‌യ്തത്. വേദിക്കു പിന്നില്‍ കെട്ടിയ ബാനറും പ്ലക്കാര്‍ഡുകളും തകര്‍ന്നുവീഴുന്നതും ദൃശ്യങ്ങളിലുണ്ട്. എംഎല്‍എമാരായ ശൈലേഷ് പാണ്ഡെ, രശ്മി സിങ് ഉള്‍പ്പെടെയുള്ളവരും വേദി‌യിലുണ്ടായിരുന്നു. ഇവർക്ക് പരിക്കുകളുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കുമാരി സെല്‍ജയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനശേഷം ഇവര്‍ റായ്പുരിലേക്ക് മടങ്ങിപ്പോ‌യിരുന്നു.

Scroll to load tweet…

അതേസമ‌യം, അയോഗ്യതയിലേക്ക് നയിച്ച അപകീര്‍ത്തി കേസില്‍ രാഹുല്‍ഗാന്ധി ഇന്ന് അപ്പീല്‍ നല്‍കും. സൂറത്ത് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരായാണ് അപ്പീൽ നൽകുക. ശിക്ഷാ വിധിയില്‍ പാളിച്ചയുണ്ടെന്നും, കുറ്റവും ശിക്ഷയും റദ്ദാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെടും. രാഷ്ട്രീയ നേട്ടത്തിനായി അപ്പീല്‍ വൈകിപ്പിക്കുന്നുവെന്ന ബിജെപിയുടെ വിമര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധി സെഷന്‍സ് കോ‍ടതിയിലേക്ക് നീങ്ങുന്നത്. മനു അഭിഷേക് സിംഗ്വി, പി ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ് അടങ്ങുന്ന പാര്‍ട്ടിയുടെ തന്നെ അഞ്ചംഗ നിയമ വിദഗ്ധ സംഘമാണ് അപ്പീല്‍ തയ്യാറാക്കിയത്. കീഴ്ക്കോടതി വിധി സ്റ്റേ ചെയ്താല്‍ രാഹുല്‍ ഗാന്ധിക്ക് അത് വലിയ ആശ്വാസവും ആത്മവിശ്വാസവുമാകും. പാർലമെന്‍റ് അംഗത്വത്തിലെ അയോഗ്യതയും നീങ്ങും. എന്നാല്‍ പട്ന, ഹരിദ്വാർ എന്നിവിടങ്ങളിലടക്കം മറ്റ് കോടതികളിലും രാഹുലിനെതിരെ മാനനഷ്ടക്കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

 കോലാര്‍ പ്രസംഗത്തില്‍ മോദിയെന്ന് പേരുള്ളവരെ അപമാനിച്ചുവെന്ന പരാതിയില്‍ കഴിഞ്ഞ മാസം 23 നാണ് രാഹുല്‍ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. രണ്ട് വര്‍ഷം തടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച കോടതി അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സാവകാശം നല്‍കുകയും ചെയ്തിരുന്നു. കോടതി വിധിക്ക് പിന്നാലെയാണ് രാഹുലിന്‍റെ ലോക് സഭാ അംഗത്വം റദ്ദായത്.

Read Also; 'കുറ്റവാളികൾ സാധാരണ അപ്പീൽ നല്കാൻ സ്വയം കോടതിയിൽ പോകാറില്ല' രാഹുലിന്‍റേത് നാടകമെന്ന് ബിജെപി