
ദില്ലി: കോൺഗ്രസിനെതിരായ മോദിയുടെ ദുർമന്ത്രവാദ പരിഹാസത്തിന് മറുപടിയുമായി രാഹുൽ ഗാന്ധി. അന്ധവിശ്വാസം ഉളവാക്കുന്ന വാക്കുകൾ പ്രചരിപ്പിച്ച് പ്രധാനമന്ത്രി പദത്തിന്റെ അന്തസ്സ് കളയരുതെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. കൊള്ളരുതായ്മകൾ മറച്ചുവയ്ക്കാനാണ് മോദിയുടെ ശ്രമം. വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രധാനമന്ത്രി കാണുന്നില്ല. ജനങ്ങളുടെ പ്രശ്നങ്ങളിൽ മറുപടി പറയണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
കറുത്ത വസ്ത്രം അണിഞ്ഞ് കോൺഗ്രസ് നടത്തിയ വിലക്കയറ്റത്തിനെതിരായ പ്രതിഷേധത്തെ കഴിഞ്ഞ ദിവസം മോദി പരിഹസിച്ചിരുന്നു. നിരാശ ബാധിച്ച ചിലർ ദുർമന്ത്രവാദവുമായി ഇറങ്ങിയിരിക്കുകയാണെന്നായിരുന്നു പരിഹാസം. കറുത്ത വസ്ത്രം അണിഞ്ഞാൽ നിരാശ മാറുമെന്ന് ചിലർ കരുതുന്നു. ദുർമന്ത്രവാദം നടത്തിയാലും അന്ധവിശ്വാസം പ്രചരിപ്പിച്ചാലും ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനാകില്ലെന്ന് എംപിമാരുടെ പ്രതിഷേധത്തെ ഉന്നം വച്ച് മോദി വിമർശിച്ചിരുന്നു. പാനിപത്തിലെ എഥനോൾ പ്ലാന്റ് രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങിലായിരുന്നു കോൺഗ്രസിന് നേരെയുള്ള മോദിയുടെ പരിഹാസം.
സർക്കാരുകളുടെ സൗജന്യ പ്രഖ്യാപനങ്ങൾക്കെതിരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.സൗജന്യ പെട്രോളും ഡീസലും വാഗ്ദാനം നൽകുന്നവർ സ്വാർത്ഥ രാഷ്ട്രീയക്കാരാണ്. ഇത്തരം പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ സ്വയംപര്യാപ്തതയെ തടയും. രാജ്യത്തെ കുട്ടികളുടെ അവകാശങ്ങൾ കവർന്നെടുക്കും, നികുതിദായകരുടെ ഭാരം വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
നരേന്ദ്ര മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2014ൽ നിന്ന് 2024ൽ എത്തുമ്പോൾ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാകില്ല. 2014കാരൻ 2024ൽ ഉണ്ടാകില്ല. 2024ലെ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം എന്നും നിതീഷ് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി. എട്ടാമത്തെ തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നിതീഷ് കുമാർ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam