Asianet News MalayalamAsianet News Malayalam

പ്രധാനമന്ത്രി ആകാനില്ലെന്ന് നിതീഷ് കുമാർ; നരേന്ദ്ര മോദി ഇനി പ്രധാനമന്ത്രിയാകില്ലെന്നും ബിഹാർ മുഖ്യമന്ത്രി

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് നിതീഷ് കുമാർ; 2024ലെ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം എന്ന് നിതീഷ്

Bihar CM Nitish Kumar slams at Bjp, says Modi won't become next PM
Author
Bihar, First Published Aug 10, 2022, 3:57 PM IST

 

 

 

റാഞ്ചി: നരേന്ദ്ര മോദി ഇനി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. 2014ൽ നിന്ന് 2024ൽ എത്തുമ്പോൾ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാകില്ല. 2014കാരൻ 2024ൽ ഉണ്ടാകില്ല. 2024ലെ തെരഞ്ഞെടുപ്പിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണം എന്നും നിതീഷ് ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാനില്ലെന്നും നിതീഷ് കുമാർ വ്യക്തമാക്കി. എട്ടാമത്തെ തവണ ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് നിതീഷ് കുമാർ ബിജെപിക്കെതിരെ ആഞ്ഞടിച്ചത്. വിശാല സഖ്യ സർക്കാർ കാലാവധി പൂർത്തിയാക്കില്ല എന്ന ബിജെപി സംസ്ഥാന ഘടകത്തിന്റെ വിമ‍ർശനങ്ങളെ നിതീഷ് തള്ളി. 2015ൽ എവിടെയായിരുന്നോ അവിടേക്ക് ബിജെപി എത്തുമെന്ന് നിതീഷ് മറുപടി നൽകി. ബിജെപി അടിച്ചമർത്താൻ ശ്രമിച്ചെന്നും നിതീഷ് കുമാർ പറ‌ഞ്ഞു.

നിതീഷ് മുഖ്യമന്ത്രി, തേജസ്വി ഉപമുഖ്യമന്ത്രി; വിശാല സഖ്യ സർക്കാർ ചുമതലയേറ്റു
ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ വിശാല സഖ്യ സർക്കാർ അധികാരമേറ്റു. നിതീഷ് കുമാർ മുഖ്യമന്ത്രിയും, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമായും സത്യപ്രതിജ്ഞ ചെയ്തു. വിശാല സഖ്യ സര്‍ക്കാരിലെ 35 അംഗ മന്ത്രിസഭയില്‍ ജെഡിയുവിനും ആർജെഡിക്കും പതിനാല് വീതം മന്ത്രിമാരുണ്ടാകുമെന്നാണ് സൂചന.  ഇന്ന് ഇരുവരുടെയും സത്യപ്രതിജ്ഞ മാത്രമാണ് നടന്നത്. വകുപ്പുകളില്‍ ചിത്രം തെളിയുന്നതോടെ മറ്റ് മന്ത്രിമാരും അധികാരമേല്‍ക്കും. പുതിയ സഖ്യകക്ഷി സര്‍ക്കാരിൽ മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാൻ ആര്‍ജെഡിയും ജെഡിയുവും തമ്മിൽ ധാരണയിലെത്തിയെന്ന റിപ്പോർട്ടുകൾ ഇതിനിടെ പുറത്തു വന്നു. 2023 വരെ മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷ് കുമാർ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപായി മുഖ്യമന്ത്രി സ്ഥാനം തേജസ്വിക്ക് കൈമാറുമെന്നാണ് ധാരണ. 

അതേസമയം സംസ്ഥാനത്ത് ബിജെപി ഇന്ന് വഞ്ചനാദിനം ആചരിക്കുകയാണ്. ജനവിധിയെ അട്ടിമറിച്ച് നിതീഷ് കുമാർ വഞ്ചിച്ചെന്ന ആക്ഷേപവുമായി ജില്ലാതലങ്ങളിൽ ബിജെപി പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു. പ്രചാരണം താഴേ തട്ടിലെത്തിക്കാൻ നാളെ ബ്ലോക്ക് തലങ്ങളിലും പ്രതിഷേധ യോഗങ്ങൾ നടത്തും. മുൻ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രതിഷേധത്തിൽ പങ്കെടുത്തു. 

 

 

Follow Us:
Download App:
  • android
  • ios