
ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങളിൽ യുവാക്കളെ കസ്റ്റഡിയിലെടുത്ത നടപടിയിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്ത് നടക്കുന്നത് വോട്ട് മോഷണം ആണെന്നും ഇതിനെതിരെയാണ് യുവാക്കൾ തെരുവിലിറങ്ങിയതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഭരണഘടനാപരമായ അവകാശങ്ങൾ ഉപയോഗിച്ച് സമാധാനപരമായാണ് യുവാക്കൾ പ്രതിഷേധിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
"ഇന്ന് ഗാന്ധി ജയന്തിയാണ്. വോട്ട് മോഷണത്തിനെതിരെ ആയിരക്കണക്കിന് യുവാക്കളാണ് തെരുവിലിറങ്ങിയത്. യാതൊരു അക്രമവുമില്ലാതെ സമാധാനപരമായാണ് അവർ പ്രതിഷേധിച്ചത്. ഗ്യാനേഷ് കുമാർ രാജിവെക്കണം എന്നത് മാത്രമാണ് അവരുടെ ആവശ്യം. ജനാധിപത്യം സംരക്ഷിക്കപ്പെടണം. ആൺകുട്ടികളെയും പെൺകുട്ടികളെയും തെരുവിലൂടെ വലിച്ചിഴക്കുകയാണ്. നൂറുകണക്കിന് പേരാണ് കസ്റ്റഡിയിലുള്ളത്. വോട്ട് മോഷണത്തെ ചോദ്യം ചെയ്യാൻ ധൈര്യം കാണിച്ചു എന്നത് മാത്രമാണ് അവർ ചെയ്ത തെറ്റ്" - രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
സത്യം പറയുക, സമാധാനപരമായി പോരാടുക എന്നതാണ് ബാപ്പു നമ്മെ പഠിപ്പിച്ചത്. ഈ സർക്കാരിനെ ഏറ്റവും കൂടുതൽ ഭയപ്പെടുത്തുന്നതും അതാണ്. കാരണം, ഒരു ലാത്തിക്ക് ആൾക്കൂട്ടത്തെ തടയാൻ കഴിഞ്ഞേക്കാം, പക്ഷേ ഒരു ചോദ്യത്തെ തടയാനാകില്ല. ഗ്യാനേഷ് കുമാറിന് പുറത്തുപോകേണ്ടി വരും. അദ്ദേഹത്തെ അവിടെ പ്രതിഷ്ഠിച്ച സിസ്റ്റത്തിനും പോകേണ്ടി വരുമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
അതേസമം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷറുടെ രാജി ആവശ്യപ്പെട്ട് രാജ്യത്തുടനീളം ഇന്ന് പ്രതിഷേധ പ്രകടനങ്ങൾ നടന്നു. എസ്ഐആർ നടപടിക്രമങ്ങളിലെ ക്രമക്കേടുകൾ ആരോപിച്ച് മുംബൈയിലെ ശിവാജി പാർക്കിൽ കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരും മറ്റ് സംഘടനകളും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധിച്ചു. ദില്ലിയിൽ ജന്തർമന്തറിന് സമീപം എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകരും പ്രതിപക്ഷ നേതാക്കളും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റണമെന്നാവശ്യപ്പെട്ട് ഒത്തുകൂടി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം വരും ദിവസങ്ങളിലും തുടരും. ഒക്ടോബർ ആറിന് പ്രത്യേക പരിപാടിയും നവംബർ ഒന്നിന് ദില്ലിയിൽ കൂറ്റൻ റാലിയും നടത്താനാണ് ഇന്ത്യ സഖ്യത്തിൻ്റെ തീരുമാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam